ഉത്തര കൊറിയ വിട്ടയച്ച യു.എസ് വിദ്യാര്‍ത്ഥി മരിച്ചു

പതിനഞ്ച് മാസങ്ങള്‍ക്കു ശേഷം ഉത്തര കൊറിയയുടെ തടവില്‍ നിന്നും മോചിതനായ അമേരിക്കന്‍ വിദ്യാര്‍ത്ഥി ഒട്ടോ വാംബിയര്‍ (22) മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ കുടംബം അറിയിച്ചു. അതേസമയം, വാംബിയറിന്റെ മരണം, കൊലപാതകമാണെന്ന ആക്ഷേപവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ ക്രൂരതയുടെ ഇരയാണ് വാംബിയറെന്നും, ശക്തമായി അപലപിക്കുന്നതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

മോഷണക്കുറ്റം ആരോപിച്ച് ഒരു വര്‍ഷത്തിലേറെയായി തടവിലിട്ടിരുന്ന വാംബിയറിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരകൊറിയ വിട്ടയച്ചത്. ഭക്ഷ്യവിഷബാധക്കുള്ള മരുന്നു കുത്തിവച്ചതിനെ തുടര്‍ന്ന് നാളുകളായി വാംബിയര്‍ അബോധാവസ്ഥയിലായിരുന്നു. മകന്‍ ഉത്തര കൊറിയയില്‍ നേരിട്ട നരകയാതനകള്‍ വാംബിയറിന്റെ മാതാപിതാക്കള്‍ പിന്നീട് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയയിലെ വിദ്യാര്‍ത്ഥിയായ വാംബിയര്‍, പുതുവത്സര ആഘോഷത്തിനായി അഞ്ചു ദിവസത്തെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പിടിയിലായത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൈനയിലേക്ക് മടങ്ങാന്‍ പ്യോങ്യാങ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു, ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ബാനര്‍ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി 2016 ജനുവരിയില്‍ വാംബിയറിനെ അറസ്റ്റ് ചെയ്തത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: