രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ് ആംബുലന്‍സിന് വഴിയൊരുക്കിയ എസ്ഐ യ്ക്ക് അഭിനന്ദന പ്രവാഹം

ആംബുലന്‍സിന് വഴിയൊരുക്കുന്നതിന് രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ പോലീസ് സബ്ഇന്‍സ്പെക്ടറിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. ശനിയാഴ്ച ബംഗ്ലൂരിലെ ട്രിനിറ്റി സര്‍ക്കിള്‍ ജംഗ്ഷനിലെ ബൈപാസിലായിരുന്നു സംഭവം. ബംഗലൂരു മെട്രോ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ് ഭവനിലേക്ക് യാത്ര ചെയ്യുന്നതിനിടെ അത്യാസന്നനിലയിലുള്ള ഒരു രോഗിയേയും കൊണ്ടു ആംബുലന്‍സ് ആ വഴിയെത്തി.

ആംബുലന്‍സ് സമീപത്തെ എച്ച്.എ.എല്‍ ആശുപത്രിയിലേക്കാണെന്ന് മനസ്സിലാക്കിയ ഗതാഗത നിയന്ത്രണചുമതലയുള്ള ഉള്‍സൂര്‍ പോലീസ് സ്റ്റേഷന്‍ എസ്ഐ നിജലിംഗപ്പ വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുവാദം തേടിയശേഷം നിജലിംഗപ്പ രാഷ്ട്രപതിയുടെ വാഹനവ്യൂഹംതടഞ്ഞു നിര്‍ത്തി ആംബുലന്‍സിന് പോകാന്‍ വഴിയൊരുക്കുകയായിരുന്നു.

നിജലിംഗപ്പയുടെ മനുഷ്യത്വപരമായ നടപടിയെ ബംഗലൂരു ഈസ്റ്റ് ട്രാഫിക് ഡിവിഷന്‍ ഡെപ്യൂട്ടി കമീഷണര്‍ അഭയ് ഗോയല്‍ അഭിനന്ദിച്ചു. നിജലിംഗപ്പയുടെ പ്രവൃത്തി അഭിനന്ദനാര്‍ഹമാണെന്ന് പൊലീസ് കമ്മീഷ്ണര്‍ പ്രവീണ്‍ സൂധും ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. നിജലിംഗപ്പയ്ക്ക് ബംഗലൂരു പൊലീസ് റിവാര്‍ഡും പ്രഖ്യാപിച്ചിരിക്കുകയാണ്.
എ എം

Share this news

Leave a Reply

%d bloggers like this: