പിയാച്ചെ ആക്രമണം ഇന്ത്യയില്‍, മുംബൈ തുറമുഖത്തെ ചരക്കുനീക്കം നിലച്ചു; ജിഎസ്ടിഎന്‍ സുരക്ഷിതം

ആഗോളതലത്തില്‍ ആശങ്ക പരത്തിയ വാനക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നാലെ പിയാച്ചെ എന്ന പേരിലുള്ള സൈബര്‍ ആക്രമണവും വ്യാപിക്കുന്നു. ഇന്ത്യയിലും പിയാച്ചെയുടെ ആക്രമണത്തില്‍ കംപ്യൂട്ടറുകള്‍ തകരാറിലായതായി സ്വിസ് സര്‍ക്കാരിന്റെ ഐടി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെയും പിയാച്ചെ ആക്രമണം ബാധിച്ചു. കംപ്യൂട്ടറുകള്‍ തകരാറിലായത് മൂന്നു ടെര്‍മിനലുകളെയാണ് സ്തംഭിപ്പിച്ചത്.

ഇതോടെ ചരക്കുനീക്കവും നിലച്ചു. തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. റഷ്യ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍, എണ്ണക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ഫാക്റ്ററികള്‍, സൈന്യം എന്നിവയുടെ കംപ്യൂട്ടറുകളില്‍ പിയാച്ചെ ആക്രമണം നടന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. റഷ്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ റോസ്നെഫ്റ്റിലെ കംപ്യൂട്ടറുകളും ആക്രമണത്തിനിരയായിട്ടുണ്ടെങ്കിലും ഉല്‍പ്പാദനം നിലച്ചിട്ടില്ല. പ്രധാനമായും വ്യവസായ-വാണിജ്യ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണമാണിതെന്നാണ് വിലയിരുത്തുന്നത്. യുഎസ്, ഡെന്‍മാര്‍ക്ക്, സ്പെയിന്‍ എന്നിവിടങ്ങളിലെ വ്യവസായ സംരംഭങ്ങളിലെ കംപ്യൂട്ടറുകളെയും പിയാച്ചെ തകരാറിലാക്കിയിട്ടുണ്ട്.

പ്രധാനമായും റഷ്യയെയും യുക്രെയ്നിനെയും ലക്ഷ്യം വെച്ചുകൊണ്ടാണ് പിയാച്ചെ ആക്രമണം നടന്നതെന്നാണ് മോസ്‌കോ ആസ്ഥാനമായ സൈബര്‍ സുരക്ഷാ സ്ഥാപനം ഗ്രൂപ്പ് ഐബി വിലയിരുത്തുന്നത്. കംപ്യൂട്ടര്‍ സിസ്റ്റങ്ങളിലെ ഫയലുകള്‍ ഉപയോഗിക്കാനാകാത്ത വിധം തടസപ്പെടുത്തിയ ശേഷം മോചന ദ്രവ്യമായി ബിറ്റ് കോയിന്‍ വിലാസത്തിലേക്ക് പണം അയക്കണമെന്ന് ആവശ്യപ്പെടുന്നതാണ് പിയാച്ചെ ആക്രമണത്തിന്റെ രീതി. 300 ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ് ആക്രമണത്തിനിരയായ കംപ്യൂട്ടര്‍ സ്‌ക്രീനുകളില്‍ തെളിയുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്ക് സേവന നികുതി (ജിഎസ്ടി) ജൂലൈ 1 മുതല്‍ നടപ്പാക്കാനിരിക്കെ ജിഎസ്ടി നെറ്റ്വര്‍ക്കിന്റെ (ജിഎസ്ടിഎന്‍) സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് അധികൃതര്‍. ആഗോള തലത്തിലുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ ജിഎസ്ടിഎന്നിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും രജിസ്ട്രേഷന്‍ സുഗമമായി നടക്കുന്നുണ്ടെന്നുമാണ് വിവരം. റാന്‍സംവെയര്‍ പോലുള്ള ആക്രമണങ്ങളെ തടയുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും എല്ലാ ഡാറ്റയും സുരക്ഷിതമാണെന്നും ജിഎസ്ടിഎന്‍ ചീഫ് എക്സിക്യൂട്ടീവ് പ്രകാശ് കുമാര്‍ പറഞ്ഞു.

ജിഎസ്ടിയുടെ സാങ്കേതിക നട്ടെല്ലായി വിശേഷിപ്പിക്കപ്പെടുന്ന ജിഎസ്ടിഎന്‍ പ്രതിമാസം 3 ബില്യണ്‍ ഇന്‍വോയ്സ് ഡാറ്റയാണ് ശേഖരിക്കുന്നത്. ലോക വ്യാപകമായ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതലുകളും തങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ലിനക്സ് സോഫ്റ്റ്വെയറിലാണ് ജിഎസ്ടിഎന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിന്‍ഡോസിന്റെ കാലഹരണപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് നേരെയാണ് പിയാച്ചെ റാന്‍സംവെയര്‍ ആക്രമണങ്ങളുണ്ടായത്. ലോകത്താകമാനം രണ്ട് ലക്ഷത്തിലധികം കംപ്യൂട്ടറുകളെ മാല്‍വെയര്‍ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

ഡാറ്റകള്‍ എന്‍ക്രിപ്റ്റ് രൂപത്തില്‍ സൂക്ഷിക്കുമെന്ന കാര്യം ജിഎസ്ടിഎന്‍ ഇതിനകം തന്നെ എല്ലാവര്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്. നികുതിദായകനും മൂല്യനിര്‍ണയം നടത്തുന്ന ഉദ്യോഗസ്ഥനും മാത്രമേ വിവരങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. ഇതിനകം 66 ലക്ഷത്തിലധികം എക്സൈസ്, സേവന നികുതി, മൂല്യവര്‍ധിത നികുതി (വാറ്റ്) ദാതാക്കളെ ജിഎസ്ടിഎന്‍ പോര്‍ട്ടലില്‍ ചേര്‍ത്തിട്ടുണ്ട്. ജൂലൈ 1 മുതല്‍ ജിഎസ്ടി വിജയകരമായി നടപ്പിലാക്കാന്‍ ആത്യാവശ്യമായ എല്ലാ സോഫ്റ്റ്വെയര്‍ പരീക്ഷണങ്ങളും പരിശോധനകളും ജിഎസ്ടിഎന്‍ നെറ്റ്വര്‍ക്ക് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും സിഇഒ അറിയിച്ചു.
എ എം

Share this news

Leave a Reply

%d bloggers like this: