എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രമുഖ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭയോഗം തത്ത്വത്തില്‍ അംഗീകരിച്ചു. എയര്‍ ഇന്ത്യയെ സ്വകാര്യമേഖലയുടെ നിയന്ത്രണത്തിന്‍കീഴിലേക്ക് കൊണ്ടുവരുന്ന സുപ്രധാനമായ തീരുമാനം നടപ്പാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ മുന്നോട്ടുനീക്കുന്നതിന് ധനമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയെ നിയോഗിക്കും.

2012ല്‍ യു.പി.എ സര്‍ക്കാര്‍ നല്‍കിയ 30,000 കോടി രൂപയുടെ സഹായ പാക്കേജിലാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ പിടിച്ചുനില്‍ക്കുന്നത്. പൊതുമേഖലവിമാനക്കമ്പനിയെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ ആശ്വാസധനം നല്‍കിയതുകൊണ്ട് കാര്യമില്ലെന്ന കാഴ്ചപ്പാടോടെയാണ് ഓഹരി വിറ്റഴിക്കലിന് സര്‍ക്കാര്‍ തീരുമാനിച്ചത്. എത്ര ശതമാനം ഓഹരി വില്‍ക്കണം, അതിന്റെ സമയപരിധി, എയര്‍ ഇന്ത്യയുടെ കൈവശമുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വില്‍ക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ പ്രത്യേക സമിതിയാണ് ഇനി നടപടി സ്വീകരിക്കുക.

കമ്പനിയെ കൈയൊഴിയാനുള്ള തീരുമാനമാണ് ഇപ്പോള്‍ മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പക്കലുള്ള വിമാനങ്ങളുടെ ഇരട്ടിയിലധികം വരുന്ന, 52,000 കോടി രൂപയുടെ കടബാധ്യതയുമായി ഇനി പൊതുമേഖലയില്‍ ഈ കമ്പനി നിലനിര്‍ത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, രാജ്യത്തെ സിവില്‍ വ്യോമയാനം പൂര്‍ണമായും സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലേക്ക് നല്‍കുന്നതു കൂടിയാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

‘മഹാരാജ’ ദരിദ്രനും കടക്കാരനുമായി മാറിയെന്നാണ് എയര്‍ ഇന്ത്യയെക്കുറിച്ച് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രി അശോക് ഗജപതി രാജു നടത്തിയ പരാമര്‍ശം. കടത്തില്‍ നല്ല പങ്ക് എഴുതിത്തള്ളിക്കൊണ്ടല്ലാതെ ഓഹരി വില്‍പന മുന്നോട്ടുനീക്കാനാവില്ല. എങ്കില്‍ മാത്രമേ ബാക്കി ബാധ്യത കൂടി ഏറ്റെടുക്കാന്‍ ഏതെങ്കിലും സ്വകാര്യകമ്പനി തയാറാവൂ. അതേസമയം, എയര്‍ ഇന്ത്യ വില്‍ക്കുന്നതില്‍ പ്രതിഷേധവുമായി ജീവനക്കാര്‍ സമരവഴിയിലാണ്.
എ എം

Share this news

Leave a Reply

%d bloggers like this: