2000ത്തിന്റെ കൈമാറ്റം എളുപ്പമാക്കാന്‍ 200 രൂപ നോട്ടുകള്‍ വരുന്നു

നോട്ട് നിരോധനത്തിന് ശേഷം ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി 200 രൂപ നോട്ട് ഉടന്‍ എത്തും. നോട്ട് നിരോധനത്തിന് ശേഷം വിപണിയിലെത്തിയ 2000 രൂപാ നോട്ട് സാധാരണ ജനങ്ങള്‍ക്കുണ്ടാക്കിയ പൊല്ലാപ്പിന് ഇതിലൂടെ പരിഹാരമാകും. മൂല്യം കുറവുള്ള നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ഇല്ലെന്ന പരാതി ഉയര്‍ന്നിരുന്നു. 200 രൂപാ നോട്ടിന്റെ അച്ചടി കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതിന് ശേഷമാണ് സര്‍ക്കാരിന്റെ നോട്ട് അച്ചടി കേന്ദ്രത്തില്‍ 200 രൂപാ നോട്ട് അച്ചടി ആരംഭിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

200 രൂപാ നോട്ട് എത്തുന്നതോടെ ദൈനംദിന ഇടപാടുകള്‍ എളുപ്പമാകുമെന്നാണ് കരുതുന്നതെന്ന് എസ്ബിഐ ഗ്രൂപ്പിന്റെ സാമ്പത്തിക കാര്യ മേധാവി സൗമ്യ കാന്തി ഘോഷ് പറഞ്ഞു. നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച് ഉത്തരവിട്ടത്. അന്നേ ദിവസം രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് 500, 1000 നോട്ടുകള്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചു. പകരമെത്തിയത് 2000ത്തിന്റെ നോട്ടായിരുന്നു. തൊട്ടുപിന്നാലെ 500 ന്റെ പുതിയ നോട്ടുമെത്തി.

2000 ത്തിന്റെ നോട്ട് ദിനേനയുള്ള കൈമറ്റത്തിന് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. മൂല്യം കുറഞ്ഞ നോട്ടുകള്‍ എത്തിയാല്‍ മാത്രമേ 2000 നോട്ടിന്റെ ഉപയോഗം എളുപ്പമാകുവെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ 200 രൂപാ നോട്ടിന്റെ അച്ചടിക്ക് വേഗം കൂട്ടിയത്. ജൂണ്‍ ഒമ്പതു വരെ വിപണിയിലെത്തിയത് 14.6 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകളാണ്. ഇതാകട്ടെ നോട്ട് നിരോധനത്തിന് മുമ്പ് വിപണിയിലുണ്ടായിരുന്ന നോട്ടിനേക്കാള്‍ 18.4 ശതമാനം കുറവാണ്. പുതിയ 200 രൂപാ നോട്ടുകള്‍ ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തയ്യാറാക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: