ദുബൈ വിമാനത്താവളത്തില്‍ യാത്രാ നടപടിക്രമങ്ങള്‍ സുഗമമാകും

അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നില്‍ യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ എമിറേറ്റ്സ് ഒരുങ്ങുന്നു. ചെക് ഇന്‍, ഡിപാര്‍ചര്‍ ഇമിഗ്രേഷന്‍ പരിശോധന തുടങ്ങിയവയ്ക്കാണു പുതിയ സംവിധാനങ്ങള്‍ നടപ്പാക്കുന്നത്. ബയോമെട്രിക് സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കുക, ഓട്ടമേറ്റഡ് ബോര്‍ഡര്‍ കണ്‍ട്രോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ നടപടികള്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഉപഭോക്താക്കള്‍ക്കു മികച്ച അനുഭവമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റ്സ് എയര്‍ലൈന്‍, ദുബൈ കസ്റ്റംസ്, ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ), ദുബൈ പൊലീസ്, ദുബൈ എയര്‍പോര്‍ട്ട് എന്നിവ ഒന്നിച്ചുള്ള നടപടികള്‍ക്കു കഴിഞ്ഞമാസം തുടക്കമിട്ടിരുന്നു. യാത്രാ നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തിയാക്കാനും പരിശോധനകള്‍ സുഗമമായി പൂര്‍ത്തിയാക്കാനും സഹായിക്കുന്നതാണ് പുതിയ സംവിധാനങ്ങള്‍. മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ, ബയോമെട്രിക് ഡേറ്റ തുടങ്ങിയവയുടെ ഏകോപനത്തിലൂടെയാണു നടപടികള്‍ സുഗമമാക്കുന്നത്.

എമിറേറ്റ്സ് ലോഞ്ചുകളിലും ചെക് ഇന്‍ മേഖലയിലും ബയോമെട്രിക് റജിസ്ട്രേഷന്‍ സാധ്യമാകുന്ന കിയോസ്‌കുകളും സ്ഥാപിക്കും. ടി ത്രീ ഡിപാര്‍ചര്‍ മേഖലയില്‍ പുതിയ തലമുറ സ്മാര്‍ട് ഇമിഗ്രേഷന്‍ ഗേറ്റുകളും സ്ഥാപിക്കും. ഇവിടെ ഇപ്പോള്‍ എമിറേറ്റ്സ് ഐഡി വഴി യാത്രാനടപടികള്‍ പൂര്‍ത്തിയാക്കാവുന്ന ഇ ഗേറ്റുകളുണ്ട്. ഇവയോടൊപ്പമാണ് പുതിയ ഇമിഗ്രേഷന്‍ ഗേറ്റുകളും സ്ഥാപിക്കുന്നത്. പാസ്പോര്‍ട്ടുകളും ബോര്‍ഡിങ് പാസും സുരക്ഷാ ഉദ്യോഗസ്ഥന്‍ പരിശോധിക്കുന്നത് ബയോമെട്രിക് സംവിധാനത്തിന്റെ സഹായത്തോടെ സ്മാര്‍ട് ഗേറ്റ് വഴി ഒഴിവാക്കാനാവും.

നടപടികള്‍ കൂടുതല്‍ സുഗമമാക്കാനും മാനവശേഷി കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനും യാത്രാനുഭവം മികച്ചതാക്കാനുമാണു നടപടികള്‍ സ്വീകരിക്കുന്നതെന്നു ജിഡിഎഫ്ആര്‍എ മേജര്‍ ജനറര്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. പങ്കാളികളായ എല്ലാവരും ഇക്കാര്യത്തില്‍ ഒരേ മനസ്സാണെന്നും എമിറേറ്റ്സ് വൈസ് പ്രസിഡന്റ് ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ ആദില്‍ അല്‍ രെധ അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: