ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി വരുന്ന ദേവീകുളം സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. വയനാട്ടിലെ മാനന്തവാടിയിലേയ്ക്കാണ് സ്ഥലം മാറ്റിയത്. എംപ്ലോയ്മെന്റ് ഡയറക്ടറായാണ് മാറ്റം. മൂന്നാറില്‍ വിവി ജോര്‍ജ് എന്നയാള്‍ കയ്യേറിയ 22 ഏക്കര്‍ ഭൂമി ഒഴിപ്പിച്ച സബ്കളക്ടറുടെ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി തുടങ്ങിയത് മുതല്‍ ശക്തമായ എതിര്‍പ്പാണ് സിപിഎമ്മിന്റേത് അടക്കമുള്ള പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങളില്‍ നിന്ന് ശ്രീരാം വെങ്കിട്ടരാമന്‍ നേരിട്ടത്.

മന്ത്രി എംഎം മണി, സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍, സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രാദേശിക നേതാക്കള്‍ എന്നിവരെല്ലാം കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ശ്രീരാം വെങ്കിട്ടരാമനെതിരെ രംഗത്ത് വന്നിരുന്നു. സിപിഎം പ്രാദേശിക നേതൃത്വമാണ് ഏറ്റവും ശക്തമായ എതിര്‍പ്പുയര്‍ത്തിയത്. പാപ്പാത്തിച്ചോലയില്‍ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ കയ്യേറിയ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ച് നീക്കിയ നടപടിയെ തുടര്‍ന്ന് ശ്രീരാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമര്‍ശനവും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം മൂന്നാറിലെ ലവ്ഡേല്‍ റിസോര്‍ട്ട് ഒഴിപ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു ഇത്. ഒഴിപ്പിക്കലിനെതിരെ റിസോര്‍ട്ട് ഉടമ വിവി ജോര്‍ജ് നല്‍കിയ ഹര്‍ജി തള്ളിയ കോടതി ഒഴിപ്പിക്കലുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കി. ഈ റിസോര്‍ട്ട് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളിലാണ് അടുത്തിടെ മുഖ്യമന്ത്രി സിപിഐ നിര്‍ദ്ദേശം മറികടന്ന് സര്‍വ്വകക്ഷി യോഗം വിളിച്ചത്. റിസോര്‍ട്ട് ഒഴിപ്പിക്കുന്നതിനോട് മുഖ്യമന്ത്രിക്കും യോജിപ്പുണ്ടായിരുന്നില്ല. റിസോര്‍ട്ട് ഉടമയുടെകൂടി പരാതി പരിഗണിച്ചായിരുന്നു മുഖ്യമന്ത്രി മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികളില്‍ പ്രത്യേക സര്‍വ്വകക്ഷി യോഗം വിളിച്ചത്.

നാലു കൊല്ലം ഒരു സ്ഥാനത്ത് തുടരുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നത് പതിവാണെന്നാണ് മാറ്റത്തെ കുറിച്ച് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. മൂന്നാറിലെ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കെയാണ് സബ്കളക്ടറെ മാറ്റുന്നത്. മാനന്തവാടി സബ് കളക്ടര്‍ക്കാണ് പകരം ചുമതല. വകുപ്പ് മേധാവിയായി സ്ഥാനംകയറ്റം നല്‍കിയാണ് പുതിയ നിയമനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സബ് കളക്ടര്‍ എന്ന നിലയില്‍ ഭൂമാഫിയയ്ക്കെതിരെ ശ്രീരാം സ്വീകരിച്ച നടപടികള്‍ ഏറെ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. 2013 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമന്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: