നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല; വീണ്ടും ജയിലിലേക്ക്

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ദിലീപിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ഈ മാസം 25 വരെയാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ദിലീപ് വീണ്ടും ജയിലിലേക്ക് പോകും. ആലുവ സബ്ജയിലിലേക്കാണ് ദിലീപിനെ കൊണ്ടുപോവുക.

ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്നും നടന്നത്. ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. പ്രതി സമൂഹത്തില്‍ വളരെ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം ലഭിച്ചാല്‍ ഉന്നതരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാല്‍ ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇരയായ നടിക്കെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ ദിലീപിന്റെ സ്വാധീനം മൂലമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കസ്റ്റഡിയില്‍ ഇങ്ങനെയാണെങ്കില്‍ ജാമ്യം ലഭിച്ചാല്‍ എന്താകും അവസ്ഥയെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. അഭിമുഖങ്ങളില്‍ ദിലീപ് നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനാണ് ഹാജരായത്.

എന്നാല്‍ ദിലീപിന് ജാമ്യം നല്‍കണമെന്നും സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. ദിലീപിന് എതിരെയുള്ളത് ഒന്നാം പ്രതിയുടെ മൊഴി മാത്രമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കെ രാംകുമാര്‍ പറഞ്ഞു. ദിലീപിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചുമത്തിയിരിക്കുന്ന ആരോപണങ്ങളെല്ലാം കെട്ടച്ചമച്ചതാണെന്ന് പ്രതിഭാഗം വാദിച്ചു. മുഖ്യപ്രതിയും കൊടുംക്രിമിനലുമായ സുനില്‍ കുമാറിന്റെ മൊഴി മാത്രമാണ് ദിലീപിനെതിരായ തെളിവ്. അത് വിശ്വസിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്. ജയിലില്‍ നിന്നയച്ച കത്തില്‍ ഒരു കാറിന്റെ നമ്പര്‍ എഴുതിയതുകൊണ്ട് മാത്രം അത് ഗൂഢാലോചനയുടെ തെളിവാകുന്നില്ല.

അതിനിടെ പ്രതിഭാഗം രണ്ട് മൊബൈല്‍ ഫോണുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളാണ് ദിലീപിന്റെ അഭിഭാഷകന്‍ കെ രാംകുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. മൊബൈല്‍ ഫോണുകള്‍ തേടി ദിലീപിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുന്ന സമയത്താണ് ഇവ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടിയാണ് ഫോണുകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതെന്നും ാെപലീസിനെ ഏല്‍പ്പിച്ചാല്‍ അതില്‍ കൃത്രിമം നടത്തി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നു് അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ കേസ് ഡയറി അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. മുദ്രവെച്ച കവറിലാണ് കേസ് ഡയറി അന്വേഷണസംഘം ഹാജരാക്കിയിരിക്കുന്നത്. കേസിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: