മംഗളൂരുവില്‍ ലാന്‍ഡിങ്ങിനിടെ വിമാനം ലൈറ്റുകളില്‍ ഇടിച്ചു

വിമാനം ഇറങ്ങുന്നതിനിടെ സിഗ്‌നല്‍ ലൈറ്റിലിടിച്ചു. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ രാവിലെയാണു സംഭവം. ആളപായമില്ല. ദുബായില്‍ നിന്ന് 186 യാത്രക്കാരുമായി എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 814 നമ്പര്‍ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പെട്ടത്.

വിമാനം ഇടിച്ച് റണ്‍വേയിലെ ഏതാനും ഗൈഡിങ് ലൈറ്റുകള്‍ തകര്‍ന്നു. യാത്രക്കാര്‍ക്കു പരുക്കില്ല. വിമാനത്തിനും തകരാറൊന്നും പറ്റിയിട്ടില്ല. റണ്‍വേയുടെ അരികിലെ ഗൈഡിങ് ലൈറ്റുകളില്‍ ഇടിച്ചതിനു തൊട്ടു പിന്നാലെ വിമാനം റണ്‍വേയുടെ മധ്യത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞതാണു ദുരന്തം ഒഴിവാക്കിയത്.

ഇറങ്ങുന്നതിനിടെ തെന്നിമാറിയാണ് അപകടമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഫ്‌ലൈറ്റ് സേഫ്റ്റി വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെന്നിമാറിയതായി സൂചനയില്ല എന്നാണ് അറിയുന്നത്. മംഗളൂരുവില്‍ ഇന്നലെ കനത്ത മഴയും മൂടലുമായിരുന്നു.

വിമാനം ലാന്‍ഡ് ചെയ്ത് റണ്‍വേ തൊടുന്നതിനു തൊട്ടുമുന്‍പ് പെട്ടെന്നു കാറ്റും മഴയും ആരംഭിച്ച് മൂടല്‍ പടര്‍ന്നു കാഴ്ചപരിധിയെ ബാധിച്ചതാണു സംഭവത്തിനു വഴിയൊരുക്കിയതെന്നാണു സൂചന. പൈലറ്റുമാരുടെ പരിചയസമ്പന്നത കാരണമാണ് വന്‍ദുരന്തം ഒഴിവായതെന്നു വിമാനത്താവള വൃത്തങ്ങള്‍ സൂചിപ്പിച്ചു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: