ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ്; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

രാജ്യത്തിന്റെ 14ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്തു. പോള്‍ ചെയ്തതില്‍ 65 ശതമാനം വോട്ട് നേടിയാണ് യു.പി.എ സ്ഥാനാര്‍ഥി മീരാകുമാറിനെ കോവിന്ദ് പരാജയപ്പെടുത്തിയത്. മീരാകുമാറിന് 34.35 ശതമാനം വോട്ട് ലഭിച്ചു. 7,02,044 വോട്ടുമൂല്യം നേടിയ കോവിന്ദിന് 3,34,730 വോട്ടാണ് ഭൂരിപക്ഷം. 3,67,314 വോട്ട് മൂല്യമാണ് മീരാ കുമാറിന് ലഭിച്ചത്. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും.

കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ എന്നിവര്‍ അഭിനന്ദിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാകുമാറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വിജയം തന്റെ ഉത്തരവാദിത്തം കൂട്ടുന്നുവെന്ന് നിയുക്ത പ്രസിഡന്റ് രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. മലയാളിയായ കെ.ആര്‍ നാരായണന് ശേഷം പ്രഥമ പൗരനാകുന്ന രണ്ടാമത്തെ ദലിത് വിഭാഗക്കാരനാണ് രാംനാഥ് കോവിന്ദ്.

2015 മുതല്‍ 2017 ജൂണ്‍ 20 വരെ ബീഹാര്‍ ഗവര്‍ണര്‍ പദവിയിലിരുന്ന കോവിന്ദ് നേരത്തെ രണ്ടുതവണ രാജ്യസഭാംഗമായിരുന്നു. 1998ല്‍ കുശേഭാവു താക്കറെ ബി.ജെ.പി പ്രസിഡന്റായിരിക്കെ ദലിത് മോര്‍ച്ചയുടെ അധ്യക്ഷനായ അദ്ദേഹം 2002 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ബി.ജെ.പിയുടെ ദേശീയ വക്താവായും സേവനം ചെയ്തിട്ടുള്ള അദ്ദേഹം പാര്‍ലമെന്റിലെ വിവിധ കമ്മിറ്റികളുടെ തലവന്‍ കൂടിയായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: