ദ്രോഗിഡയില്‍ ഇനി വ്യാഴാഴ്ച വരെ ജലം ഉണ്ടാവില്ല

പൈപ്പ് ലൈനില്‍ സംഭവിച്ച് കേടുപാടിനെ തുടര്‍ന്ന് ദ്രോഗിഡയില്‍ വെള്ളം ലഭിക്കാതെ നാട്ടുകാര്‍ വലയുന്നു. 75,000 ത്തോളം കുടുംബങ്ങളെ ജലക്ഷാമം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 30,000 ത്തോളം വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും വെള്ളമില്ലാതെ വിഷമിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ പൈപ്പ് പൊട്ടലിനെ തുടര്‍ന്ന് അറ്റകുറ്റപണികള്‍ നടന്നു വരുന്നുണ്ട്. വ്യാഴാഴ്ചയോടെ മാത്രമേ കുടിവെള്ളം പുനഃസ്ഥാപിക്കാന്‍ കഴിയുള്ളുവെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

വെള്ളം വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെര്‍മോണ്‍ ആബെയില്‍ ലോറിന്‍ കൂണിയിലെ വാട്ടര്‍ സെക്ഷനില്‍ നിന്നും വെള്ളം ലഭിക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുകയാണ്. നീണ്ട മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം റേഷന്‍ സംവിധാനത്തിലൂടെ മാത്രമാണ് വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്നത്.

വൃക്ക തകരാറ് സംഭവിച്ച് ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ ദ്രോഗിഡയില്‍ നിരവധിയാണ്. ഹൗസിങ് എസ്‌കലേറ്ററുകളില്‍ വെള്ളം ലഭിക്കാതെ അഞ്ഞൂറോളം വീടുകളാണ് ഉള്ളത്. ഐറിഷ് വാട്ടറിനു സംഭവിച്ച ക്രമക്കേടാണ് ദൂരവ്യാപക ഫലങ്ങള്‍ രൂക്ഷ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് പറയപ്പെടുന്നു. സമീപ പ്രദേശങ്ങളിലൊന്നും തന്നെ കുപ്പിവെള്ളം പോലും ലഭിക്കാനില്ലാത്ത സാഹചര്യം മൂന്നാം ലോക രാജ്യങ്ങളില്‍ സംഭവിക്കാറുള്ള ദാരിദ്രത്തെക്കാള്‍ ഭീതിജനകമാണെന്ന് ദ്രോഗിഡക്കാര്‍ ഒന്നടങ്കം പറയുന്നു. ഇതിനു മുന്‍പ് ഇതുപോലുള്ള പ്രതിസന്ധി തങ്ങള്‍ നേരിട്ടിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഈ പ്രദേശത്തെ ആശുപത്രികള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയില്‍ പലതും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ട പരിതഃസ്ഥിതിയിലെത്തി നില്‍ക്കുകയാണ്. വാട്ടര്‍ സ്റ്റേഷനിലെ പരിമിതമായ വെള്ളം ലഭിക്കാന്‍ പ്രഥമ പരിഗണന ആശുപത്രികള്‍ക്കാണ്. കാലപ്പഴക്കംചെന്ന പൈപ്പ് ലൈനുകള്‍ സമയബന്ധിതമായി മാറ്റി പുതിയവ ഉപയോഗിക്കാത്തത് മൂലമാണ് ഈ പ്രതിസന്ധി ഉടലെടുത്തതെന്ന ആക്ഷേപം വ്യാപകമാകുന്നുണ്ട്. വെള്ളം ലഭിക്കുമോ എന്നറിയാന്‍ ഐറിഷ് വാട്ടറില്‍ അന്വേഷണം നടത്തുന്നവര്‍ക്ക് നിരാശയാണ് ഫലം. മറ്റ് ആവശ്യങ്ങള്‍ മാറ്റി വെച്ചാലും കുടിക്കാന്‍ എങ്കിലും വെള്ളം കിട്ടണമെന്ന പ്രാര്‍ത്ഥനയിലാണ് ദ്രോഗിഡക്കാര്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: