ഉത്തരകൊറിയക്ക് മുകളിലൂടെ ബോംബര്‍ വിമാനങ്ങള്‍ പറത്തി മുന്നറിയിപ്പുമായി അമേരിക്ക

ഉത്തരകൊറിയയുടെ പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിന് തൊട്ടു പിന്നാലെ ഉത്തരകൊറിയക്ക് മുകളിലൂടെ പോര്‍ വിമാനങ്ങള്‍ പറത്തി അമേരിക്ക. യുഎസ് ബി-1 ബി ബോംബറുകളോടൊപ്പം ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളുമായി ചേര്‍ന്ന് സേന സംയുക്തമായാണ് സൈനിക അഭ്യാസം നടത്തിയത്. ഏകദേശം പത്ത് മണിക്കൂറോളം അഭ്യാസപ്രകടനങ്ങള്‍ നീണ്ടുനിന്നു.

അമേരിക്കയുടെ ഏത് നീക്കത്തെയും തകര്‍ക്കാന്‍ കഴിയും എന്ന അവകാശവാദത്തോടെ ഉത്തരകൊറിയ കഴിഞ്ഞ ദിവസം നടത്തിയ രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് അമേരിക്കയെ ഇത്തരമൊരു ദൗത്യത്തിന് മുതിരാന്‍ കാരണം. ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചതിന് തൊട്ടുപിന്നാലെ ജപ്പാനും ദക്ഷിണകൊറിയയും സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. തുടര്‍ച്ചയായുള്ള മിസൈല്‍ പരീക്ഷണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

ഉത്തരകൊറിയ ഇന്ന് സമാധാന രാഷ്ട്രങ്ങള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണെന്ന് പസഫിക് എയര്‍ ഫോക്സ് കമാന്‍ഡര്‍ ജനറല്‍ ടെറന്‍സ് ഓ ഷൗഖ്നസി പ്രതികരിച്ചു. ആവശ്യമെങ്കില്‍ ഇതിനുള്ള ഉത്തരം തരാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയന്‍ സഖ്യകക്ഷികളെ മൂക്കുകയറിട്ട് നിര്‍ത്തുന്നതില്‍ പരാജപ്പെട്ട ബീജിംഗിനെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ട്വീറ്റിനൊപ്പമാണ് ഈ പ്രഖ്യാപനവും നടക്കുന്നത്.

ലോകരാജ്യങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ വെള്ളിയാഴ്ച രാത്രിയാണ് ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക മിസൈല്‍ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്‍സില്‍ നിന്നായിരുന്നു പരീക്ഷണം. അമേരിക്കയിലെ ഷിക്കാഗോയിലെത്താന്‍ ശേഷിയുള്ളതാണ് ഉത്തരകൊറിയ പരീക്ഷിച്ച ഹ്വാസോങ്-3 എന്ന മിസൈല്‍. ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് മൂന്നാഴ്ചകള്‍ക്കുള്ളിലാണ് പുതിയ പരീക്ഷണം. ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന പതിനാലാമത്തെ മിസൈല്‍ പരീക്ഷണമാണിത്.

3000 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ കൊളറാഡോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ഡെന്‍വര്‍, ഷിക്കാഗോ എന്നിവ പുതിയെ മിസൈലിന്റെ പരിധിയില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ അലാസ്‌ക വരെയെത്താന്‍ ശേഷിയുള്ള ഹ്വാസോങ്14 എന്ന മിസൈല്‍ ഈ മാസം മൂന്നിന് ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ലോകരാജ്യങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ മുന്നേറുന്ന ഉത്തരകൊറിയയ്ക്കെതിരെ ഐക്യരാഷ്ട്രസഭ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ആവശ്യപ്പെട്ടിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: