തുടര്‍ച്ചയായ അക്രമ സംഭവങ്ങള്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും

സംസ്ഥാനത്തെ തുടര്‍ച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10 ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് നേതാവ് പി ഗോപാലന്‍കുട്ടി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ സമാധാന ചര്‍ച്ച. സംസ്ഥാനത്തെ തുടര്‍ച്ചയായ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ ഇന്നലെ വിളിച്ചു വരുത്തിയിരുന്നു. അക്രമങ്ങളില്‍ അസംതൃപ്തി അറിയിച്ച ഗവര്‍ണര്‍, സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞു.

സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ കക്ഷിഭേദമെന്യേ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് ഉറപ്പ് നല്‍കി. നിലവില്‍ എല്ലാ പ്രതികളെയും പിടിക്കാനായി പൊലീസിന് സാധിച്ചിട്ടുണ്ട്. മറ്റ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏത് അടിയന്തിര പ്രശ്നവും നേരിടണമെന്ന് പൊലീസിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത് ഇതിനോടകം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിരുന്നു. അക്രമവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളെല്ലാം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ഡിജിപി ഗവര്‍ണറോട് വിശദീകരിച്ചു. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ഗവര്‍ണര്‍ പറഞ്ഞതയാണ് വിവരം. ഇരുവരുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഗവര്‍ണര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അതിനിടെ തലസ്ഥാനത്ത് വീണ്ടും അക്രമങ്ങള്‍ അരങ്ങേറാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. എകെജി സെന്റര്‍, മാരാര്‍ജി ഭവന്‍ അടക്കമുള്ളവയുടെ സുരക്ഷ ശക്തമാക്കി. അവധിയില്‍ കഴിയുന്ന പൊലീസുകാരെ മടക്കി വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഏത് അടിയന്തര സാഹചര്യം നേരിടാനും പൊലീസ് സജ്ജമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
എ എം

Share this news

Leave a Reply

%d bloggers like this: