ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ കയറ്റുമതി വര്‍ധിക്കുന്നു

ബ്രിട്ടീഷ് ആഡംബര കാറുകളുടെ ഏറ്റവും നല്ല വിപണിയായി ഇന്ത്യ മാറുന്നു. യുകെയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ആഡംബര കാറുകളുടെ കയറ്റുമതി വര്‍ധിക്കുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍. യുകെ ഏറ്റവുമധികം കാര്‍ കയറ്റുമതി ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഏഴാമതാണ് ഇപ്പോള്‍ ഇന്ത്യ.

2017 ആദ്യ പകുതിയില്‍ യുകെയിലെ പ്രീമിയം കാറുകള്‍ക്കുള്ള ഇന്ത്യന്‍ ഡിമാന്‍ഡ് 8.3 ശതമാനമാണ് വര്‍ധിച്ചത്. ഇതേ കാലയളവില്‍ ബ്രിട്ടീഷുകാര്‍ വാങ്ങിയ ഇന്ത്യന്‍ മോഡലുകളുടെ വില്‍പ്പന വളര്‍ച്ച 48.6 ശതമാനമാണ് (21,135 യൂണിറ്റ്). പ്രീമിയം കാര്‍ സെഗ്മെന്റിലാണ് ഇന്ത്യയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതെന്നും ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡുകളോട് ഇന്ത്യയില്‍ താല്‍പ്പര്യം വര്‍ധിച്ചുവരുന്നതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും യുകെയിലെ സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ച്ചറേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് ചീഫ് എക്സിക്യൂട്ടീവ് മൈക് ഹോസ് പറഞ്ഞു.

ഇന്ത്യയിലേക്ക് ഈ വര്‍ഷം 1,650 ബ്രിട്ടീഷ് ആഡംബര കാറുകളാണ് കയറ്റുമതി ചെയ്തത്. ഏഷ്യയില്‍ 2016 ല്‍ ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നെങ്കില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്ക് വളര്‍ന്നു. പുതിയ പ്രീമിയം, ആഡംബര ബ്രിട്ടീഷ് കാറുകളോടുള്ള താല്‍പ്പര്യം ഇന്ത്യയില്‍ വര്‍ധിക്കുകയാണ്.
ബ്രെക്സിറ്റിനെതുടര്‍ന്നുള്ള അനിശ്ചിതത്വങ്ങള്‍ കാരണം 2017 ആദ്യ പകുതിയില്‍ യുകെയിലെ കാര്‍ ഉല്‍പ്പാദനത്തില്‍ 2.9 ശതമാനം കുറവ് വന്നിരുന്നു. യുകെയില്‍ നിര്‍മ്മിക്കുന്ന ആകെ കാറുകളില്‍ 54.6 ശതമാനം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത്. യുകെയുടെ ആദ്യ പത്ത് വാഹന കയറ്റുമതി രാജ്യങ്ങളില്‍ പകുതി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ്. തുടര്‍ന്നും സ്വതന്ത്ര വ്യാപാരത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണിത്.

2017 ലെ ആദ്യ ആറ് മാസങ്ങളില്‍ ബ്രിട്ടീഷ് കാറുകളുടെ ആഗോള ഡിമാന്‍ഡില്‍ 0.9 ശതമാനം ഇടിവ് സംഭവിച്ചിരുന്നു. 6,83,826 കാറുകളാണ് കയറ്റുമതി ചെയ്തത്. എന്നാല്‍ കയറ്റുമതിയില്‍ സംഭവിച്ച നേരിയ ഇടിവിനിടയിലും ഉല്‍പ്പാദന തോതില്‍ മാറ്റം വരുത്താന്‍ യുകെയിലെ വാഹന നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടില്ല.

യുകെയില്‍ നിര്‍മ്മിക്കുന്ന ഓരോ പത്ത് കാറുകളില്‍ എട്ടെണ്ണവും ലോകമാകമാനം 160 ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. അതേസമയം കാറുകളുടെ വലിയ ഇറക്കുമതിക്കാരന്‍ കൂടിയാണ് യുകെ. 2017 ആദ്യ പകുതിയില്‍ ബ്രിട്ടീഷുകാര്‍ രജിസ്റ്റര്‍ ചെയ്ത കാറുകളില്‍ 85 ശതമാനത്തിലധികം വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. ഇതില്‍ 67 ശതമാനം കാറുകള്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നാണ് യുകെയിലെത്തിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: