ബ്ലാക്ക്‌ബെറി വീണ്ടുമെത്തുന്നു, പുതിയ രൂപത്തിലും ഭാവത്തിലും

ഒരുകാലത്ത് സ്മാര്‍ട്ട്ഫോണ്‍ എന്നാല്‍ ബ്ലാക്ക്ബെറിയായിരുന്നു. സെലിബ്രിറ്റികളേയും പണക്കാരെയും ഒരുപോലെ പ്രലോഭിച്ച സുന്ദരന്‍. സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറാകാത്ത, ബിസിനസ് മാഗ്‌നറ്റുകളുടെ ഇഷ്ട തോഴന്‍. എന്തിനേറെ പറയുന്നു, അമേരിക്കന്‍ പ്രസിഡന്റുമാര്‍ പോലും ഒരുകാലത്ത് ഉപയോഗിച്ചിരുന്ന ഫോണാണ് ബ്ലാക്ക്ബെറി. അതേ പ്രതാപം തിരിച്ചുപിടിക്കുക എന്നതാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയ പുതിയ കീവണ്‍ എന്ന സ്മാര്‍ട്ട് ഫോണിന്റെ ലക്ഷ്യം.

ആന്‍ഡ്രോയ്ഡ് നൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 433 പിപിഐ നാലരയിഞ്ച് ഫുള്‍എച്ച്ഡി ഡിസ്പ്ലേയ്ക്ക് ഗൊറില്ലാ ഗ്ലാസ് സംരക്ഷണമുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 625 പ്രൊസസ്സറും മുന്നിലെ ക്യാമറ 8 മെഗാ പിക്സലും. 4ജിബി റാമും ഫോണിന് കരുത്തേകും. അന്താരാഷ്ട്ര വിപണിയിലെ കീവണ്‍ 3ജിബി റാമുമായിട്ടാകും ഇറങ്ങുക.

4K വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ക്യാമറ 12 മെഗാപിക്സലാണ്. പെട്ടന്ന് ചാര്‍ജാകാനുള്ള സംവിധാനമുള്‍പ്പെടെ മികച്ച ഫീച്ചേഴ്സിന്റെ ഒപ്പം 3505 എംഎഎച്ച് ബാറ്ററിയും മെറ്റല്‍ ബോഡിയും കൂടിയാകുമ്പോള്‍ ഫോണ്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നു.

എന്നാല്‍ തങ്ങളുടെ പരമ്പരാഗത രൂപം മാറ്റുന്നതുപോലെയൊരു വിട്ടുവീഴ്ച്ച ബ്ലാക്ബെറി ചെയ്തിട്ടില്ല. നാലരയിഞ്ച് ടച്ച് സ്‌ക്രീന്‍ ഉണ്ടായിട്ടും ക്വര്‍ട്ടി കീപാഡ് ചേര്‍ത്തിരിക്കുന്നു. കീപാഡില്‍ അനവധി ഷോര്‍ട്ട്കട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോര്‍ട്ട്കട്ടുകള്‍ ഇഷ്ടം പോലെ കൂട്ടിച്ചേര്‍ക്കാം. മാത്രമല്ല, കീപാഡിലുള്ള നാവിഗേഷന്‍ സിസ്റ്റം, ഫിംഗര്‍ പ്രിന്റര്‍ സ്‌കാനര്‍ എന്നിവ ഉപയോഗം കൂടുതല്‍ എളുപ്പമാക്കും.

സുരക്ഷയൊരുക്കുന്ന ഡിടെക് എന്ന ആപ്ലിക്കേഷനാണ് പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിരവധി ആപ്ലിക്കേഷനുകള്‍ ഡാറ്റായും വിവരങ്ങളും ഉപയോക്താവ് അറിയാതെയാണ് ആന്‍ഡ്രോയ്ഡ് ഫോണില്‍നിന്ന് ശേഖരിക്കുന്നത്. ഇതിനൊരു തടയിടാന്‍ ഡിടെക്കിനാവും.

കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിം എന്ന കമ്പനിയാണ് ബ്ലാക്ക്ബെറിയുടെ നിര്‍മാതാക്കള്‍. ഹാര്‍ഡ് വെയര്‍ നിര്‍മാണം നേരത്തെ നിര്‍ത്തിയ കമ്പനിക്കുവേണ്ടി ഇപ്പോള്‍ ഫോണ്‍ നിര്‍മിക്കുന്നത് ടിസിഎല്ലാണ്. കീവണ്ണിനും ലക്ഷ്യം നേടാനായില്ലെങ്കില്‍ ഇതാവും കമ്പനി ഡിസൈന്‍ ചെയ്യുന്ന അവസാന ഫോണ്‍.

റിം ഇപ്പോള്‍ സോഫ്റ്റ്വെയര്‍ നിര്‍മാണത്തിലാണ് കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത്. എന്തായാലും ബ്ലാക്ക്ബെറി പ്രതാപ കാലത്തേക്ക് മടങ്ങിവരുമ്പോ എന്നാണ് ടെക്ക് ലോകം ഉറ്റു നോക്കുകയാണ്.

 

എം

Share this news

Leave a Reply

%d bloggers like this: