സ്വന്തം പ്രസവ വേദന കടിച്ചമര്‍ത്തി മറ്റൊരു പ്രസവം എടുത്ത ഡോക്ടര്‍ ലോകത്തിന്റെ കൈയടി നേടുന്നു

അമാന്‍ഡ ഹെസ്സ്, അതാണവളുടെ പേരെങ്കിലും സൈബര്‍ ലോകം ഇന്ന് ഇവരെ വാഴ്ത്തുന്നത് ‘ഡോക്ടര്‍ മോം’ എന്ന ഓമനപ്പേരിലാണ്. സ്വന്തം കുഞ്ഞിനു ജന്മം നല്‍കാന്‍ ലേബര്‍ റൂമില്‍ കാത്തിരിക്കുമ്പോഴും ഡോക്ടര്‍ എന്ന നിലയില്‍ തന്റെ കര്‍ത്തവ്യങ്ങളോട് മുഖം തിരിക്കാതെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ച ഈ ഡോക്ടര്‍ മോമിനെ സല്യൂട്ട് ചെയ്തു പോവുകയാണ് സൈബര്‍ ലോകം.

രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായി ജൂലൈ 23നാണ് ഗൈനോക്കോളജി ഡോക്ടര്‍ കൂടിയായ അമാന്‍ഡയെ കെന്റക്കിയിലെ ആശുപത്രിയിലെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രസവത്തിനായുള്ള വേദനയ്ക്കിടയിലും അമാന്‍ഡ കേട്ടത് ലേബര്‍ റൂമില്‍ കൂടെ ഉണ്ടായിരുന്ന ലീ ഹാലിഡേ എന്ന മറ്റൊരു സ്ത്രീയുടെ കരച്ചിലായിരുന്നു. ഗര്‍ഭസ്ഥ ശിശു അത്യന്തം അപകടകരമായ അവസ്ഥയിലാണ് ഉള്ളിലുള്ളതെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സ്വന്തം വേദന പോലും വകവയ്ക്കാതെ അമാന്‍ഡ ഉടന്‍ തന്നെ ലീയെ സഹായിക്കാനിറങ്ങി. ലീയുടെ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ കൊടി ചുറ്റിയ നിലയിലായിരുന്നു. ലീയുടെ ശസ്ത്രക്രിയയില്‍ പങ്കുചേര്‍ന്ന് സുരക്ഷിതമായി തന്നെ കുട്ടിയെ പുറത്തെടുത്തതിന് ശേഷം മാത്രമാണ് തന്റെ പ്രസവ വേദനയെ കുറിച്ച് അമാന്‍ഡ ഓര്‍ത്തതു പോലും.

‘അമ്മമാര്‍ ജീവനുമായി ബന്ധപ്പെട്ടിരിക്കുന്നു, അമാന്‍ഡയുടെ രണ്ട് കുഞ്ഞുങ്ങള്‍ക്കും വളര്‍ന്നു വരുമ്പോള്‍ കേട്ട് രസിക്കാനുള്ള ഒരു അനുഭവമാവും ഇത്. അമ്മമാരായ ഡോക്ടര്‍മാര്‍ എല്ലായ്പ്പോഴും സ്വന്തം കുടുംബത്തേയും സ്വന്തം രോഗികളേയും ഒരു പോലെ നോക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. പ്രിയപ്പെട്ട അമാന്‍ഡ ഹെസ്, നിങ്ങളുടെ മാതൃത്വം ആഘോഷിക്കൂ..- അമാന്‍ഡയുടെ ധൈര്യത്തേയും കര്‍ത്തവ്യ ബോധത്തേയും പുകഴ്ത്തി ലേബര്‍ റൂമിലെ അനുഭവം പങ്കുവച്ചു കൊണ്ട് സുഹൃത്തായ ഹല സബ്രി ഫെയ്സ്ബുക്കില്‍ ഇങ്ങനെ എഴുതുന്നു. പ്രസവിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ പകര്‍ത്തിയ കുഞ്ഞിനൊപ്പമുള്ള അമാന്‍ഡയുടെ ചിത്രവും ഹല ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: