ആപ്പിളിന് റെക്കോര്‍ഡ് നേട്ടം; മൂന്നുമാസം കൊണ്ട് 4.1 കോടി ഐഫോണുകള്‍ വിറ്റു

ടെക് ലോകത്തെ മുന്‍നിര കമ്പനിയായ ആപ്പിളിന് റെക്കോര്‍ഡ് നേട്ടം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ആപ്പിള്‍ വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. വിപണിയില്‍ പിടിച്ചുനില്‍ക്കാനായി ആപ്പിള്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം വിജയിച്ചു എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മേയ് മുതല്‍ ജൂലൈ വരെയുള്ള മൂന്നു മാസത്തിനിടെ 4.1 കോടി ഐഫോണുകളാണ് ആപ്പിള്‍ വിറ്റത്. ഇതിലൂടെ സ്വന്തമാക്കിയത് 24.8 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 1,58,882 കോടി രൂപ).

2017 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആപ്പിളിന്റെ അറ്റാദായത്തിലും വന്‍ കുതിപ്പ് പ്രകടമാണ്. കമ്പനിയുടെ ലാഭം 12 ശതമാനം ഉയര്‍ന്ന് 8.7 ബില്ല്യണ്‍ ഡോളറിലെത്തി. മികച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആപ്പിള്‍ ഓഹരികള്‍ കുത്തനെ ഉയര്‍ന്നു. സര്‍വീസസ് വരുമാനത്തിന്റെ കാര്യത്തില്‍ എക്കാലത്തേയും മികച്ച നേട്ടമാണ് ആപ്പിള്‍ നേടിയത്.

ആപ്പിളിന്റെ മൊത്തം വരുമാനം 45.4 ബില്ല്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 42.3 ബില്ല്യണ്‍ ഡോളറായിരുന്നു. ഐഫോണ്‍ വില്‍പനയില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഉള്ളടക്കം, ആപ്പിള്‍ പേ ആപ്ലിക്കേഷണ്‍ തുടങ്ങി സേവനങ്ങളില്‍ നിന്നായി 7.26 ബില്ല്യണ്‍ ഡോളര്‍ വരുമാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 ശതമാനം നേട്ടമാണ് ഇത് കാണിക്കുന്നത്.
എ എം

Share this news

Leave a Reply

%d bloggers like this: