അഭയാര്‍ത്ഥികളെ കടലിലെറിഞ്ഞ് മനുഷ്യക്കടത്തുകാരുടെ ക്രൂരത

യെമന്‍ തീരത്ത് ഇരുന്നൂറോളം അഭയാര്‍ത്ഥികളെ കടലിലെറിഞ്ഞ് മനുഷ്യ കടത്തുകാരുടെ ക്രൂരത. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ (ഐഒഎം) പട്രോള്‍ ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളായ ഏത്യോപ്യയിലും സൊമാലിയയിലും നിന്ന് ഗള്‍ഫിലേക്ക് കടക്കാന്‍ എത്തിയവരാണ് ബോട്ടിലുണ്ടായിരുന്നത്.

യെമനില്‍ നിന്ന് ഗള്‍ഫില്‍ കടക്കുന്നത് എളുപ്പമാണെന്ന് വ്യാമോഹിപ്പിച്ചാണ് മനുഷ്യക്കടത്തുകാര്‍ ഇരകളെ വലയിലാക്കുന്നത്. ഇവരില്‍ നിന്ന് ഇതിന് പ്രതിഫലവും കൈപ്പറ്റും. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ അഭയാര്‍ത്ഥികളെ കരയില്‍ ഇറക്കാന്‍ പറ്റാതെ വന്നാല്‍ ഇവരെ കടലില്‍ തള്ളിയിടുകയാണ് കടത്തുകാര്‍ ചെയ്യുന്നത്. ഇന്നലെയും ഇങ്ങനെയാണം സംഭവിച്ചത്. തീരത്ത് നാവിക ബോട്ട് കണ്ടതിനെ തുടര്‍ന്ന് അഭയാര്‍ത്ഥികളെ കടലിലേക്ക് എറിയുകയായിരുന്നു കടത്തുകാര്‍ ചെയ്തത്.

ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് മനുഷ്യകടത്തുകാര്‍ അഭയാര്‍ത്ഥികളെ കടലിലെറിയുന്നത്. ദാരിദ്ര്യവും ആഭ്യന്തരയുദ്ധവും മൂലം കഷ്ടപ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി അഭയാര്‍ത്ഥികളാണ് മനുഷ്യക്കടത്തുകാരുടെ ചൂഷണത്തിന് ഇരകളാകുന്നത്.
എ എം

Share this news

Leave a Reply

%d bloggers like this: