നേഴ്സിങ് ഹോമുകളില്‍ ഉള്ളവരുടെ ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ വാടകയ്ക്ക് നല്‍കാനുള്ള പുതിയ പദ്ധതി ആവിഷ്‌കരിച്ച് ഭവന വകുപ്പ്

നഴ്‌സിങ് ഹോം സ്‌കീമില്‍ നിയമാനുസൃതമായി മാറ്റം വരുത്തി അയര്‍ലണ്ട് ഇന്ന് നേരിടുന്ന ഭവനമേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടാനുള്ള ഒരുക്കത്തിലാണ് ഭവന വകുപ്പ്. ഇതിലൂടെ വീടില്ലാതെ ദുരിതമനുഭവിക്കുന്ന പ്രായമേറിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമാകും. നഴ്‌സിംഗ് ഹോമുകളില്‍ താമസിക്കുന്നവര്‍ തങ്ങളുടെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയാണ് പുതുതായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിനായി vacanthomes.ie എന്ന പുതിയ വെബ്സൈറ്റും തുറന്നിട്ടുണ്ട്. ഇതിലൂടെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയും.

രൂക്ഷമായ ഭവന പ്രതിസന്ധി രാജ്യത്ത് നിലനില്‍ക്കുമ്പോഴും പല വീടുകളും ഒഴിഞ്ഞു കിടക്കുകയാണ്. അതിന്റെ ഉടമസ്ഥര്‍ വിവിധ നേഴ്സിങ് ഹോമുകളിലുമാണ്. അടഞ്ഞ് കിടക്കുന്ന ഈ വീടുകള്‍ വാടകയ്ക്ക് നല്‍കാനുള്ള ഉദ്ദേശവും ഇവര്‍ക്കില്ലെന്ന് ഭവനവകുപ്പ് മന്ത്രി ഇഗന്‍ മര്‍ഫി പറഞ്ഞു. മറുവശത്ത് 8000-ത്തിലധികം കുടുംബങ്ങള്‍ വീടില്ലാതെ കഷ്ടപ്പെടുന്നുണ്ട്. നാലു വയസ്സ് മുതല്‍ ചെറുപ്പക്കാരായവര്‍ വരെ ഇപ്പോള്‍ വീടില്ലാത്ത അവസ്ഥയിലാണ്.
2016 ലെ സെന്‍സസില്‍ രാജ്യത്തെമ്പാടുമായി ഏകദേശം 80,000 ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ കണ്ടെത്തിയിരുന്നു.

ഫെയര്‍ ഡീല്‍ സ്‌കീം പ്രകാരം, നഴ്‌സിങ് ഹോമില്‍ താമസിക്കുന്നവര്‍ക്ക് അവരുടെ സംരക്ഷണച്ചെലവിന്റെ ഭാഗമായി ചിലവാക്കിക്കളയുന്ന വരുമാനത്തിന്റെ 80 ശതമാനം ഗവണ്‍മെന്റിന് നല്‍കണം. സ്‌കീമിന്റെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും മാറ്റം വരുത്തേണ്ടതിന് എച്ച്എസ്ഇ, ധനകാര്യ വകുപ്പുമായി ഭവനമന്ത്രി കൂടിയാലോചന നടത്തുന്നുണ്ട്. ഭവന പ്രതിസന്ധി പരിഹരിക്കാന്‍ പ്രാദേശിക തലത്തില്‍ നടപടികള്‍ ഉണ്ടാകണം ഇതിനെ ദേശീയ ഭവന വകുപ്പുമായി ഏകോപിപ്പിച്ച് നടപടിയെടുക്കേണ്ടതുണ്ട്. മായോ കൗണ്ടി കൗണ്‍സില്‍ രൂപീകരിച്ച പുതിയ വെബ്‌സൈറ്റ് നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര-പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക അധികാരികളെ പിന്തുണയ്ക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.

പ്രായമായ ആളുകളുടെ ഉടമസ്ഥതയിലുള്ള എത്ര വീടുകള്‍ക്കാണ് രാജ്യമെമ്പാടുമുള്ളതെന്ന് വ്യക്തമായ വിവരങ്ങള്‍ ഇല്ല. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് നേഴ്‌സിങ് ഹോം കെയര്‍ സെന്ററുകളില്‍ ഏകദേശം 25,000 ആളുകള്‍ ഉണ്ടെന്നാണ് കണക്ക്. ശൂന്യമായിക്കിടക്കുന്ന ആയിരക്കണക്കിന് വീടുകള്‍ പുതിയ പദ്ധതിയിലൂടെ ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഒരു നിശ്ചിത കാലാവധിക്ക് മുകളില്‍ വസ്തുവകകള്‍ ഒഴിച്ചിടുന്ന വീട്ടുകാര്‍ക്ക് പിഴ ചുമത്തപ്പെടും. ‘വേക്കന്റ് പ്രോപ്പര്‍ട്ടി ടാക്‌സ്’ ശക്തമായ നിയമപരിശോധനയ്ക്ക് വിധേയമാകും. ഒക്ടോബര്‍ അവസാനത്തോടെ അഞ്ച് പ്രധാന നഗരങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കണ്ടെത്തുന്നതിന് സിറ്റി ആക്ഷന്‍ പ്ലാനുകള്‍ ആരംഭിക്കും.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 5,036 വീടില്ലാത്ത മുതിര്‍ന്നവര്‍ ഉണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മേയില്‍ ഇത് 4,922 ആയിരുന്നു. വീടില്ലാത്ത കുടുംബങ്ങളുടെ എണ്ണം 1,365 ആയി ഉയര്‍ന്നു, ഇതില്‍ 118 അധിക കുട്ടികളും ഭവന രഹിതരായിത്തീര്‍ന്നെന്നും കണ്ടെത്തി. പുതിയ പദ്ധതി വിജയകരമായി നടപ്പാക്കാനായാല്‍ ഒഴിഞ്ഞ് കിടക്കുന്ന അനേകം ഭവനങ്ങളില്‍ താമസ സൗകര്യം ഒരുക്കുന്നതിലൂടെ ഭവന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

 
എ എം

Share this news

Leave a Reply

%d bloggers like this: