Digital ഇന്ത്യ

സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം പകര്‍ന്ന്, ലോക രാഷ്ട്രങ്ങളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ മുന്നോട്ട് കുതിക്കുകയാണ്.

* പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ച എഴുപത്തി മൂന്ന് കുരുന്നുകളുടെ ഇന്ത്യ… വളരുകയാണ്.
* ആ കുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരം തോളിലേറ്റി വീടുകളിലേക്ക് കൊണ്ടുപോകേണ്ടി വരുന്ന അച്ഛനമ്മമാരുടെ ഇന്ത്യ…. മുന്നോട്ട് കുതിക്കുകയാണ്.
* ആംബുലന്‍സ് സൗകര്യം ഇല്ലാത്തതുകൊണ്ട് കൂടപ്പിറപ്പുകളുടെ ശവശരീരം തലച്ചുമടായും, സൈക്കിളിലും മറ്റും കിലോമീറ്ററുകളോളം കൊണ്ടുപോകേണ്ടി വരുമ്പോള്‍, പശുക്കള്‍ക്ക് വേണ്ടി മാത്രം പ്രത്യേകം ആംബുലന്‍സ് സൗകര്യം ഒരുക്കിയിട്ടുള്ള വിഡ്ഢികളായ ജന പ്രതിനിധികളുടെ ഇന്ത്യ …. വളരുകയാണ്.
* പെറ്റമ്മെയേക്കാള്‍ ഉപരി പശുവിനെ മാതാവായി കാണുന്ന രാജ്യസ്‌നേഹികളുടെ ഇന്ത്യ… വളരുകയാണ്.
* പശുവിന്റെ പേരില്‍ ദിവസം തോറും തെരുവില്‍ തല്ലികൊല്ലപെടുന്ന ഹതഭാഗ്യവാന്മാരുടെ ഇന്ത്യ…. മുന്നോട്ട് കുതിക്കുകയാണ്.
* അഴിമതി, കുതികാല്‍ വെട്ട്, കുതിരക്കച്ചവടം, സ്വജന പക്ഷപാതം എന്നിവയാല്‍ മലീമസമായ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനം കൊള്ളുന്നവരുടെ ഇന്ത്യ… വളരുകയാണ്.
* ഓരോ രണ്ട് മണിക്കൂറിലും ഓരോ കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ ഇന്ത്യ…. വളര്‍ന്ന് പന്തലിക്കുകയാണ്.
* ആയിരം സഹോദരിമാര്‍ തെരുവില്‍ പീഡിപ്പിക്കപ്പെട്ടാലും, ഒരു പശുപോലും കൊല്ലപ്പെടാതെ സംരക്ഷിക്കുന്ന രാജ്യസ്‌നേഹികളായ സഹോദരന്മാരുടെ ഇന്ത്യ…. വളരുകയാണ്.
* ഒരു രൂപപോലും മുതല്‍മുടക്കില്ലാതെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ആള്‍ ദൈവങ്ങളുടെയും മന്ത്രവാദികളുടെയും ഇന്ത്യ….. വളരുകയാണ്.
* ജാതി വെറിയാലും, വര്‍ണ്ണ വെറിയാലും അന്ധത ബാധിച്ചു, അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും ചുറ്റിപ്പിണഞ്ഞു കിടക്കുന്നവരുടെ ഇന്ത്യ….. വളരുകയാണ്.
* ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ മാത്രം ദേശഭക്തി സടകുടഞ്ഞെണീക്കുന്ന, ദേശീയതയുടെ കാവല്‍ക്കാര്‍ എന്നവകാശപ്പെടുന്ന വിവരദോഷികളുടെ ഇന്ത്യ….. വളരുകയാണ്.
* ഉടുതുണിക്ക് മറുതുണിയില്ലാത്ത, സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത, കിടപ്പാടമില്ലാത്ത, വൈദ്യുതി ഇല്ലാത്ത, ശുദ്ധജലം ലഭിക്കാത്ത, ശൗഛാലയങ്ങള്‍ ഇല്ലാത്ത, ഒരു നേരം പോലും ഭക്ഷണം ലഭിക്കാതെ കടുത്ത പട്ടിണി നേരിടുന്ന കോടാനുകോടി ഇന്ത്യക്കാരുടെ ഇന്ത്യ… അനുനിമിഷം ഡിജിറ്റലായിക്കൊണ്ടിരിക്കുകയാണ്.
* ഇതെല്ലാം കണ്ടും കേട്ടും മജ്ജയും മാംസവും മരവിച്ചു നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരുന്ന ഒരു കൂട്ടം മനുഷ്യ സ്‌നേഹികളുടെ ഇന്ത്യയും വളര്‍ച്ചയുടെ പാതയിലാണ്.
* അങ്ങനെ വളര്‍ന്ന് വളര്‍ന്ന് ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ മുന്‍പില്‍ നെഞ്ച് വിരിച്ചു നിന്ന് എഴുപതാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാ ഭാരതീയര്‍ക്കും ഇപ്പോഴും നമുക്ക് പൂര്‍ണ്ണമായും ലഭിച്ചിട്ടില്ലാത്ത സ്വാതന്ത്രദിനാശംസകള്‍.

സ്‌നേഹപൂര്‍വം,
സെബി പാലാട്ടി.

Share this news

Leave a Reply

%d bloggers like this: