ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം തിരയാന്‍ അമേരിക്കന്‍ കമ്പനി രംഗത്ത്

കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ സമുദ്രാന്തര്‍ഭാഗത്തു വീണ്ടും തിരച്ചില്‍ നടത്താമെന്ന വാഗ്ദാനവുമായി യുഎസ് സ്വകാര്യ സമുദ്ര ഗവേഷണ കമ്പനി ഓഷന്‍ ഇന്‍ഫിനിറ്റി രംഗത്തെത്തി. ഇതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്നും കമ്പനി വ്യക്തമാക്കി.

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാണാതായ വിമാനം എംഎച്ച് 370 കണ്ടെത്താന്‍ സ്വകാര്യമേഖലയുടെ സേവനം തേടണമെന്ന് ഇരകളുടെ കുടുംബങ്ങള്‍ മലേഷ്യാ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.

ഇന്ത്യന്‍ സമുദ്രത്തിന്റെ തെക്കന്‍ മേഖലയില്‍ മൂന്നുവര്‍ഷം നീണ്ട മലേഷ്യ, ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളുടെ സംയുക്ത തിരച്ചില്‍ കഴിഞ്ഞ ജനുവരിയിലാണ് അവസാനിപ്പിച്ചത്. 1.2 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ തിരഞ്ഞെങ്കിലും ഒരു തെളിവും ലഭിക്കാതെ വന്നതോടെയാണു ദൗത്യം ഉപേക്ഷിച്ചത്.

സമുദ്രാന്തര്‍ഭാഗത്ത് ഏറ്റവും നവീനമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡ്രോണുകളാണു തിരച്ചില്‍ നടത്തുക. ഇക്കാര്യത്തില്‍ മലേഷ്യാ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. 2014 മാര്‍ച്ച് എട്ടിന് ക്വാലലംപൂരില്‍നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണു മലേഷ്യയുടെ ബോയിങ് 777 വിമാനം 239 യാത്രക്കാരുമായി അപ്രത്യക്ഷമായത്.
എ എം

Share this news

Leave a Reply

%d bloggers like this: