പുതിയ 200 രൂപ നോട്ടുകള്‍ നാളെ പുറത്തിറങ്ങുമെന്ന് ആര്‍ബിഐ

മഹാത്മഗാന്ധി സീരിസില്‍പ്പെട്ട പുതിയ 200 രൂപ നോട്ടുകള്‍ നാളെ പുറത്തിറങ്ങും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ് നാളെ പുറത്തിറങ്ങുന്നത്. റിസര്‍വ് ബാങ്ക് തന്നെയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്.

2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം പുതിയ 500രൂപ നോട്ടുകളും 2000 രൂപയുടെ നോട്ടുകളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷം കറന്‍സി വിതരണത്തില്‍ ക്ഷാമം നേരിട്ടതിനെ തുടര്‍ന്നാണ് പുതിയ 200 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. നോട്ട് ക്ഷാമം പരിഹരിക്കാം എന്ന ഉദ്ദേശത്തോടുകൂടിയാണ് ആര്‍ബിഐ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത്. കര്‍ശനമായ സുരക്ഷ മാനദണ്ഡങ്ങളോടെയാണ് പുതിയ നോട്ടുകള്‍ പുറത്തിറങ്ങുന്നത്.

പുതിയതായി ഇറക്കുന്ന 200 രൂപ നോട്ടുകള്‍ എടിഎം വഴി ലഭിക്കില്ല. പകരം ബാങ്ക് വഴി വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഇളം മഞ്ഞ നിറത്തിലുള്ള നോട്ടിന്റെ ഒരു ഭാഗത്ത് മഹാത്മഗാന്ധിയുടെ ചിത്രവും മറുഭാഗത്ത് 200 എന്ന് എഴുതിയതും കാണാം. മറ്റൊരു ഭാഗത്ത് സാഞ്ചി സ്തൂപത്തിന്റെ ചിത്രവും കാണാം. ദേവനാഗിരി ഭാഷയിലാണ് നോട്ടുകളില്‍ എഴുതിയിരിക്കുന്നത്. നോട്ടിന്റെ പിന്‍ ഭാഗത്ത് സാഞ്ചി സ്തൂപത്തിന്റെ രൂപവും സ്വച്ഛ് ഭാരതത്തിന്റെ ചിഹ്നവും, ആപ്തവാക്യവും കാണാം. ഒപ്പം നോട്ടിന്റെ ഇടത് ഭാഗത്ത് നോട്ട് പ്രിന്റ് ചെയ്ത തിയ്യതിയും ദേവനാഗിരി ഭാഷയില്‍ 200 എന്ന് എഴുതിയിരിക്കുന്നതും കാണാം.

മാര്‍ച്ചില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗമാണ് രാജ്യത്ത് 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിയ്ക്കുന്നത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നത്. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനത്തോളം നോട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. പകരം 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകള്‍ വിപണിയില്‍ ഇറക്കിയിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: