റോബോട്ടുകള്‍ സംസ്‌കാര ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന കാലം വിദൂരമല്ല

സാങ്കേതികവിദ്യയില്‍ ഏറ്റവുമധികം പുരോഗതി കൈവരിച്ചിട്ടുള്ള രാജ്യമാണു ജപ്പാന്‍. മനുഷ്യപ്രയത്നത്തിലൂടെ മാത്രം സാധ്യമാകുമെന്ന് ലോകം കരുതിയിരുന്ന കാര്യങ്ങള്‍ ഇന്ന് റോബോട്ട് ചെയ്യുന്നു. റോബോട്ടിനെ അടിസ്ഥാനമാക്കി ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തുന്ന രാജ്യങ്ങളിലൊന്നു കൂടിയാണു ജപ്പാന്‍. ജനങ്ങളുടെ സുഹൃത്തുക്കളായും മുതിര്‍ന്നവര്‍ക്കു സഹായിയായും വിനോദോപാധിയായും ലൈംഗിക പങ്കാളിയെന്ന തരത്തില്‍ വരെയും ജപ്പാനില്‍ റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇപ്പോള്‍ ഇതാ ജാപ്പനീസ് മള്‍ട്ടിനാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്റര്‍നെറ്റ് കോര്‍പറേഷനായ സോഫ്റ്റ്ബാങ്കിന്റെ പെപ്പര്‍ എന്ന യന്ത്രമനുഷ്യനെ പുരോഹിതനായും ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. മരണാനന്തര ശുശ്രൂഷയില്‍ ബുദ്ധപുരോഹിതനായി പെപ്പര്‍ എന്ന യന്ത്രമനുഷ്യന്റെ സേവനം ലഭ്യമാകുമെന്നാണു സോഫ്റ്റ്ബാങ്ക് അറിയിച്ചിരിക്കുന്നത്. ജപ്പാനില്‍ ഏറ്റവും വലിയ രണ്ടാമത്തെ മതസ്ഥരാണു ബുദ്ധമതക്കാര്‍. ഒന്നാം സ്ഥാനം ഷിന്റോ എന്ന മതവിഭാഗമാണ്.

ജര്‍മനിയിലെ ചെറുഗ്രാമമായ വിറ്റെന്‍ബര്‍ഗില്‍ ഈ വര്‍ഷം മെയ് മാസത്തില്‍ യന്ത്രമനുഷ്യനെ ഉപയോഗിച്ചു മതചടങ്ങുകള്‍ നിര്‍വഹിച്ചിരുന്നു. BlessU-2എന്നു പേരുള്ള റോബോട്ടിന് അഞ്ച് ഭാഷകള്‍ ഉപയോഗിച്ചു ആശീര്‍വദിക്കാനുള്ള കഴിവുണ്ടായിരുന്നു.യൂറോപ്പിന്റെ മത, രാഷ്ട്രീയ, സാംസ്‌കാരിക മുന്നേറ്റത്തിനു നാന്ദി കുറിച്ച നവോത്ഥാന പ്രസ്ഥാനത്തിന്റെ 500-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായിട്ടാണു ബ്ലെസ് യു-2 എന്ന യന്ത്രമനുഷ്യനെ അവതരിപ്പിച്ചത്. ജര്‍മന്‍ യന്ത്ര മനുഷ്യനായ ബ്ലെസ് യു-2 എന്ന റോബോട്ടിന്റെ പ്രവര്‍ത്തന രീതിയുമായി സാമ്യമുള്ളതാണു ജാപ്പനീസ് കമ്പനിയായ സോഫ്റ്റ്ബാങ്ക് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന പെപ്പര്‍ എന്ന യന്ത്ര മനുഷ്യന്റേത്.

കമ്പ്യൂട്ടറൈസ്ഡ് ശബ്ദത്തിന്റെ അകമ്പടിയോടെ സ്തോത്രങ്ങള്‍ പാടുകയും ഡ്രം കൊട്ടുകയും ചെയ്യാന്‍ പാകത്തില്‍ സജ്ജമാക്കിയതാണു പെപ്പര്‍ എന്ന റോബോട്ട്. ഈ റോബോട്ടിനെ ടോക്യോയില്‍ ബുധനാഴ്ച നടന്ന The Life Ending Industry Expo എന്ന funeral industry fair -ല്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. പ്ലാസ്റ്റിക് മോള്‍ഡിംഗ് നിര്‍മാതാക്കളായ നിസെ എക്കോയാണ് എക്സ്പോ സംഘടിപ്പിച്ചത്.

ജപ്പാനില്‍ സംസ്‌കാരച്ചടങ്ങുകള്‍ ചിലവേറിയതാണ്. ജപ്പാന്‍ കണ്‍സ്യൂമര്‍ അസോസിയേഷന്റെ 2008-ലെ കണക്കുപ്രകാരം ഒരു ചടങ്ങ് നിര്‍വഹിക്കാന്‍ പുരോഹിതന് മാത്രം നല്‍കേണ്ടി വരുന്ന തുക 1,700 പൗണ്ടാണ്. അതായത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 1,39,332 രൂപ വരും. ചടങ്ങിന്റെ മൊത്തം ചെലവ് 20,000 പൗണ്ട് വരും. യന്ത്ര മനുഷ്യനെ ഉപയോഗിക്കുന്നതിലൂടെ ഈ ഭീമമായ തുക ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണമായി പെപ്പര്‍ എന്ന യന്ത്രമനുഷ്യന്റെ നിര്‍മാതാക്കളായ സോഫ്റ്റ്ബാങ്ക് അവകാശപ്പെടുന്നത്. മതചടങ്ങുകള്‍ നിര്‍വഹിക്കാന്‍ പെപ്പറിന് ഇവര്‍ പ്രതീക്ഷിക്കുന്ന വാടക വെറും 350 പൗണ്ടാണ്.

ജപ്പാനില്‍ മതപുരോഹിതരുടെ ഡിമാന്‍ഡും ഇപ്പോള്‍ ഇടിയുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ബുദ്ധമത വിഭാഗത്തിലാകട്ടെ, പുരോഹിതര്‍ക്ക് സ്വന്തം സമൂഹത്തില്‍നിന്നു പോലും സാമ്പത്തിക സഹായം ലഭിക്കുന്നില്ലത്രേ. ഈ സാഹചര്യത്തെ തുടര്‍ന്നു ബുദ്ധപുരോഹിതര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ പ്രാപ്തരായിരിക്കുകയാണ്.

 
എ എം

Share this news

Leave a Reply

%d bloggers like this: