ആരാണ് ഗുര്‍മീത് റാം റഹീം സിങ് എന്ന ആള്‍ദൈവം ?

രാജ്യത്തെ ഏതൊരു ആള്‍ദൈവത്തേയും വെല്ലുന്ന ആളാണ് ഗുര്‍മീത് സിങ്. ലക്ഷക്കണക്കിന് ആരാധകരും കോടിക്കണക്കിന് രൂപയുടെ സ്വത്തും. രാജ്യത്തെ മുന്‍നിര രാഷ്ട്രീയ നേതാക്കള്‍ക്ക് കിട്ടുന്നതിന് സമാനമായ സുരക്ഷ സംവിധാനങ്ങളും ഉണ്ട്. പതിവ് സന്യാസിമാരെ പോലെ ആശ്രമ ജീവിതവും ലാളിത്യവും ഒന്നും ഇല്ല ഇദ്ദേഹത്തിന്. ആഡംബര പൂര്‍ണ്ണമായ ജീവിതമാണ് താത്പര്യം. കൂടെ സിനിമയും പാട്ടും നൃത്തവും. വിവാഹിതനും നാല് കുട്ടികളുടെ അച്ഛനും ആണ് ഇദ്ദേഹം. ആരും അമ്പരന്ന് പോകും ഗുര്‍മീതിന്റെ ഈ ജിവിത കഥ കേട്ടാല്‍…

രാജസ്ഥാനിലെ ശ്രീഗുരുസാര്‍ മോദിയ ഗ്രാമത്തില്‍ 1967 ഓഗസ്റ്റ് 15 ന് ആയിരുന്നു ഗുര്‍മിത് സിങിന്റെ ജനനം. അച്ഛന്റേയും അമ്മയുടേയുടേയും ഏക മകന്‍. അച്ഛന്റെ വിശ്വാസങ്ങളെ തന്നെ പിന്‍പറ്റി, സിഖ് മതം ഉള്‍പ്പെടെയുള്ള മതങ്ങളിലെ യാഥാസ്ഥിതികതയെ വിമര്‍ശിക്കുന്ന, വ്യത്യസ്തമായ ദര്‍ശനം കാത്തുസൂക്ഷിക്കുന്ന വിഭാഗം ആണ് ദേര സച്ച സൗദ. 1940 കളില്‍ ആണ് ഇത്തരം ഒരു കൂട്ടായ്മ രൂപീകരിക്കപ്പെടുന്നത്. ഗുര്‍മീത് സിങിന്റെ മാതാപിതാക്കള്‍ ദേര സച്ച സൗദയെ പിന്തുടരുന്നവരായിരുന്നു.

ദേര സച്ച സൗദയുടെ ഭാഗമായി മാറിയ ഗുര്‍മീത് റാം റഹീം സിങ് പെട്ടെന്നായിരുന്നു അവരുടെ തലവനായി മാറിയത്. 23-ാം വയസ്സില്‍ അന്നത്തെ മേധാവി ആയിരുന്ന ഷാ സത്നം സിങ് ഗുര്‍മീതിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. 1990 സെപ്തംബര്‍ 23 ന് ആയിരുന്നു ഗുര്‍മീത് ദേര സച്ച സൗദയുടെ തലവനായത്. പിന്നീട് തിരഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ഗുര്‍മീതിന്. ഇക്കാലത്തിനിടയില്‍ ഏറ്റവും ശക്തനായ ദേര സച്ച സൗദ നേതാവായി ഗുര്‍മീത് വളര്‍ന്നു.ഒരു സാമൂഹ്യ നേതാവ് എന്നതിനപ്പുറം ആള്‍ ദൈവത്തിലേക്കുള്ള വളര്‍ച്ചയാണ് പിന്നീട് കണ്ടത്. അതിനിടെ വിവാദങ്ങള്‍ ചില്ലറയൊന്നും അല്ല ഗുര്‍മീതിന് പിന്നാലെ കൂടിയത്.

സന്യാസിമാരുടെ പതിവ് വട്ടങ്ങള്‍ മുഴുവന്‍ ഉപേക്ഷിച്ച ഗുര്‍മീത് റാം റഹീം സിങ് പിന്നീട് ആഡംബരങ്ങളുടെ പിറകെ ആയിരുന്നു. എല്ലാ സുഖ സൗകര്യങ്ങളും ആവോളം ആസ്വദിച്ചു. കൂട്ടിന് ഒരു ജനസമൂഹം മുഴുവന്‍ പിന്നില്‍. പാട്ടും നൃത്തവും ഒക്കെ ആയിരുന്നു ഇദ്ദേഹത്തിന്റെ ഹൈലൈറ്റ്. അങ്ങനെ റോക്ക്സ്റ്റാര്‍ ബാബ എന്ന വിളിപ്പേരും കിട്ടി. ഒരുപാട് ആല്‍ബങ്ങളും പുറത്തിറക്കി. റേഞ്ച് റോവറിന്റെ എസ് യുവി ആണ് പ്രിയപ്പെട്ട വാഹനം. ഇത് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നത് ഏറെ പ്രിയപ്പെട്ട കാര്യമാണ്. കറുത്ത എന്‍ഡവര്‍ കാറുകള്‍ 16 എണ്ണം സ്വന്തമായി ഉണ്ട്. കൂടാതെ ലക്ഷങ്ങള്‍ വിലവരുന്ന സൂപ്പര്‍ ബൈക്കുകളും ബുള്ളറ്റുകളും.

ഏത് യാത്രയിലും സ്ത്രീ സാന്നിധ്യം നിര്‍ബന്ധമാണ് ഇദ്ദേഹത്തിന്. തന്റെ അനുയായികളായ ഭക്തകളെ തന്നെയാണ് ഇതിനായി കൂടെ കൂട്ടുക. കേരളത്തില്‍ പലതവണ വന്നപ്പോഴും ഇത് തന്നെ ആയിരുന്നു സ്ഥിതി. രാഷ്ട്രീയ നേതാക്കളെ വെല്ലുന്ന സുരക്ഷയാണ് ഗുര്‍മീത് റാം റഹീം സിങ്ങിനുള്ളത്.

സദ്പ്രവര്‍ത്തികളില്‍ വിശ്വസിക്കുന്ന ദേര സച്ച സൗധ എന്ന വിഭാഗത്തിന് 1948ലാണ് തുടക്കമാകുന്നത്. പഞ്ചാബിലെ ഷഹര്‍പൂര്‍ ബേഗുവിലെ ബേഗു റോഡിലാണ് ആസ്ഥാനം. ഖെമാമല്‍ എന്ന് യഥാര്‍ത്ഥ പേരുള്ള ഷാ മസ്താനയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ലൗകിക കാര്യങ്ങളില്‍ തല്പരനല്ലാത്ത തികഞ്ഞ മത വിശ്വാസായായിരുന്നു ഇദ്ദേഹം.പതിനാലാം വയസില്‍ ഒരു സത്യാന്വേഷിയായി ഒരു ആത്മീയ ഗുരുവിനെ തിരഞ്ഞ് ഇദ്ദേഹം വീടുവിട്ടുപോയി. പഞ്ചാബിലെ ബീസില്‍ ബാബ സാവന്‍ സിങ്ങ് എന്ന ഗുരുവിനെ അദ്ദേഹം ആചാര്യനായി സ്വീകരിച്ചു.

വൈകാതെ വലിയൊരു ശിക്ഷ്യഗണം അദേഹത്തിനു സ്വന്തമായി. അതോടെ സമ്പത്തും കുന്നുകൂടാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ആസ്ഥാനത്ത് വലിയൊരു കൊട്ടാരം തന്നെ സ്ഥാപിച്ചു. 600 മുറികളും, യോഗം ചേരാനുള്ള ഒരു ഹാളും, വിശേഷാവസരങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ക്കുള്ള വിശാലമായ ഒരു മുറ്റവും ചേരുന്നതാണ് ഈ സ്ഥാപനം. സൗജന്യ ഭക്ഷണം നല്കുന്ന ഇവിടെ പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുകയില്ല. ദേര സച്ചാ സൗധയുടെ കീഴിലുള്ള കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. ഇത്രയും ഗുര്‍മീത് സിംഗ് വരുന്നതിനു മുമ്പുള്ള കഥ.

ഇനിയാണ് ദേര സച്ച സൗദയുടെ തലവര മാറ്റി ഗുര്‍മീത് റാം 1990 ല്‍ ഇതിന്റെ തലപ്പത്തെത്തുന്നത്. സ്ഥാപകന്‍ എന്താണ് പ്രസ്ഥാനം കൊണ്ട് ലക്ഷ്യംവച്ചതോ അതിനു നേര്‍വിപരീതമായിട്ടായിരുന്നു ഈ മനുഷ്യദൈവത്തിന്റെ പ്രവര്‍ത്തനം. ഭക്തിയിലൂടെ എങ്ങനെ പണമുണ്ടാക്കാമെന്ന് അദേഹം ഗവേഷണം നടത്തി. ദേര സച്ചയുടെ സ്വാധീനം പഞ്ചാബിനെയും കടന്ന് മുന്നോട്ടുപോയി. കോടികള്‍ ഒഴുകിയെത്തിയതോടെ പ്രവര്‍ത്തവനവും വ്യാപിപ്പിച്ചു. ആദ്ധ്യാത്മികതയേക്കാള്‍ സ്പോര്‍ട്സിലും സിനിമയിലും മോഡലിംഗിലുമൊക്കെയായിരുന്നു ഗുര്‍മീതിന് താല്പര്യം. സ്പോര്‍ട്സിലും സംഗീതത്തിലും തല്പരനായ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂണിവേഴ്സല്‍ മ്യൂസിക് പുറത്തിറക്കിയിട്ടുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് സര്‍ക്കാര്‍ ഇദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി വിവാദളുടേയും ഭാഗമായിരുന്നു ഗുര്‍മീത് റാം റഹീം. 2002 മുതല്‍ ബലാത്സംഗം, കൊലപാതകം, പ്രാകൃതവും അശാസ്ത്രീയവുമായ വന്ധ്യംകരണം തുടങ്ങി നിരവധി പരാതികള്‍ ഗുര്‍മീതിനെതിരായി ഉയര്‍ന്നു വന്നിരുന്നു. 2002ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിക്ക് ഒരു അജ്ഞാത കത്ത് ലഭിച്ചിരുന്നു. ഗുര്‍മീത് രണ്ട് സന്യാസിനിമാരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു കത്തില്‍ ആരോപിച്ചിരുന്നത്. അന്ന് ഇയാള്‍ക്കെതിരെ ലൈംഗിക ചൂഷണത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്, സംഭവത്തെക്കുറിച്ച് പുറത്തു പറയരുതെന്ന് റാം റഹീം ഈ സ്ത്രീയെ ഭീഷണപ്പെടുത്തുകയും ചെയ്തിരുന്നു. 2002ല്‍ ഒരു പത്രപ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും, 2015ല്‍ ഒരൂകൂട്ടം സന്യാസിമാരെ പ്രാകൃതവും അശാസ്ത്രീയവുമായ വന്ധ്യംകരണത്തിന് വിധേയരാക്കിയതിലും റാം റഹീം സിങിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.

യാഥാസ്ഥിതിക സിക്ക് ആചാരങ്ങളെയും വിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞിരുന്ന റാം റഹീമിനെ വധിക്കാന്‍ കാലിസ്ഥാന് തീവ്രവാദികള്‍ ശ്രമം നടത്തിയതോടെ സ്വന്തമായി സൈന്യം ഉണ്ടാക്കിയ ഇയ്യാള്‍ക്ക് സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷയും നല്‍കി. വിവാദങ്ങളുടെ തോഴനായ ആള്‍ ദൈവത്തിന് സര്‍ക്കാര്‍ ചിലവില്‍ സുരക്ഷ ഒരുക്കിയതും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. 2008 ന് ശേഷം വാഹനങ്ങളുടെയും എകെ 47 തോക്കേന്തിയ അംഗരക്ഷകരുടെയും അകമ്പടിയിലായിരുന്നു റാം റഹീമിന്റെ സഞ്ചാരം. ബുള്ളറ്റ് പ്രൂഫ് കാറുകളും മെഡിക്കല്‍ സംഘവും അഗ്‌നിശമന സേനയും ഒക്കെ ആള്‍ദൈവത്തിന്റെ ഓരോ യാത്രയുടെയും ഭാഗമായി.

ഭാര്യയും മൂന്ന് പെണ്‍മക്കളും ഒരു മകനുമായി ഹരിയാനയിലെ സിര്‍സയില്‍ സ്ഥിതി ചെയ്യുന്ന 800 ഏക്കറിലുള്ള ദേര സച്ചാ സൗദയുടെ അസ്ഥാനത്താണ് റാം റഹീം വാഴുന്നത്. കോടികള്‍ മുടക്കി നിര്‍മ്മിച്ചിരിക്കുന്ന ആസ്ഥാനത്ത് ആശുപതികളും വ്യാപാര സ്ഥാപനങ്ങളും തീയറ്ററുകളും ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. ലക്ഷക്കണക്കിന് അനുയായികളാണ് ഇയാളെ കാണാന്‍ ഇവിടെ വന്നു പോകുന്നത്.
ഡികെ

Share this news

Leave a Reply

%d bloggers like this: