ബലാത്സംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന് പത്തുവര്‍ഷം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി

ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷവിധിച്ചത്. കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2002 ല്‍ നടന്ന കേസിലാണ് ഗുര്‍മീത് തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സുനാരിയയിലെ ജയില്‍ കോടതിമുറിയാക്കി മാറ്റിയായിരുന്നു സിബിഐ കോടതി ജഡ്ജി ജഗദീപ് സിംഗ് വിധി പ്രഖ്യാപിച്ചത്. വിധി പറയാനായി രാവിലെ 11.30 ഓടെ ജഡ്ജി പ്രത്യേക ഹെലികോപ്റ്ററില്‍ ജയിലിലെത്തി. ജയില്‍ കോടതിമുറിയാക്കി മാറ്റാന്‍ ഹരിയാന ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഗുര്‍മീതിനെ പുറത്തിറക്കിയാല്‍ ഉണ്ടാകാവുന്ന സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ജയിലില്‍ വിധി പ്രസ്താവിച്ചത്. കനത്ത സുരക്ഷാവലയത്തിലാണ് ജഡ്ജിയെ ജയിലിലെത്തിച്ചത്.

തങ്ങളുടെ വാദങ്ങള്‍ നിരത്താന്‍ ഇരുഭാഗത്തിനും പത്ത് മിനിട്ട് വീതം മാത്രമാണ് ജഡ്ജി അനുവദിച്ചത്. ഗുര്‍മീതിന്റെ പ്രായം, ആരോഗ്യപ്രശ്നങ്ങള്‍, സാമൂഹിക പ്രവൃത്തികള്‍ എന്നിവ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവൃത്തിച്ച വ്യക്തിയാണ് ഗുര്‍മീതെന്നും ശിക്ഷ വിധിക്കുമ്പോള്‍ അക്കാര്യം പരിഗണിക്കമെന്നും അഭിഭാഷകന്‍ ജഡ്ജിയോട് പറഞ്ഞു. എന്നാല്‍ പ്രതിക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തന്നെ നല്‍കണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പ്രതി ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ശിക്ഷാവിധിക്കായുള്ള വാദത്തിനിടെ ഗുര്‍മീത് കോടതിയില്‍ പൊട്ടിക്കരഞ്ഞു. പൊട്ടിക്കരഞ്ഞ ഗുര്‍മീത് ജഡ്ജിയോട് മാപ്പ് ചോദിച്ചു. തനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് തൊഴുകൈകളോടെ കരഞ്ഞുകൊണ്ട് ജഡ്ജിയോട് അപേക്ഷിച്ചു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് ഗുര്‍മീത് പൊട്ടിക്കരഞ്ഞ് മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചത്.

ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് കണക്കിലെടുത്ത് സുനാരിയയിലും റോത്തേക്കിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അക്രമം ഉണ്ടാക്കുന്നവരെ ഉടനടി വെടിവെക്കാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അക്രമം നടത്തുന്നവര്‍ക്ക് വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്ന് റോത്തേക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന് ചുറ്റും 3,000 അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അക്രമസാധ്യത കണക്കിലെടുത്ത് 900 പേരെ ഹരിയാനയില്‍ മുന്‍കരുതലെന്ന നിലയ്ക്ക് 900 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിധിപ്രസ്താവത്തിന് മുന്നോടിയായി ദേര സച്ച സൗദ ആശ്രമം സ്ഥിത്ചെയ്യുന്ന സിര്‍സയിലെ വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചിരുന്നു. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

2002 ല്‍ ആശ്രമത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത കേസിലാണ് ഗുര്‍മീതിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഗുര്‍മീതില്‍ നിന്നേറ്റ പീഡനത്തെ കുറിച്ച് പെണ്‍കുട്ടി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് കത്തയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: