നാല്‍പ്പതിലെ നല്ല നടത്തം പ്രോല്‍സാഹിപ്പിച്ച് ആരോഗ്യ വകുപ്പ്

പ്രായം നാല്‍പ്പതുകളിലെത്തുമ്പോള്‍ മധ്യവയസിലെത്തിയെന്നു കരുതി നിരാശ ബാധിക്കുന്നവരുണ്ടായിരുന്നു മുന്‍കാലങ്ങളില്‍. നര, മുടികൊഴിച്ചില്‍, ചുളിവു വീഴുന്ന ചര്‍മ്മം തുടങ്ങി വയസാകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴുള്ള ആശങ്കകളാണു കാരണം. എന്നാല്‍ ഇക്കാലത്ത് പ്രായം മറയ്ക്കാന്‍ ഡൈ ഉപയോഗിക്കുന്നതിനു പുറമെ നര കയറിയ തലയും താടിമീശയും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്‌റ്റൈലായി പ്രദര്‍ശിപ്പിക്കുന്ന തലത്തിലെത്തി ഫാഷന്‍. അതിനാല്‍ 40-കള്‍ ഇന്ന് ചെറുപ്പം തന്നെയാണ്. ആരോഗ്യരംഗം കൈവരിച്ച നേട്ടങ്ങളിലൂടെആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതാണ് പ്രധാനകാരണമെന്നു പറയാം. എന്നാല്‍ പ്രായമാകുന്നതിന്റെ ബാഹ്യലക്ഷണങ്ങള്‍ക്കപ്പുറം, മധ്യവയസ്‌കരില്‍ ചുറുചുറുക്കും ചടുലതയും നഷ്ടപ്പെടുന്നതായി കണ്ടു വരുന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയം. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.

മധ്യവയസ്‌കരില്‍ 10ല്‍ നാലു പേരും 10 മിനുറ്റ് വേഗത്തില്‍ നടക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് പൊതുജനാരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇത് ഈ പ്രായത്തിലുള്ളവരില്‍ നിര്‍ജീവത സൃഷ്ടിക്കുകയും അവരെ അലസരാക്കുകയുംഅതുവഴി മരണത്തിലേക്ക് വേഗത്തില്‍ അടുപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കി. ഇത്തരക്കാരെ വ്യായാമത്തിലേക്കു തിരിച്ചുവിടാന്‍ ഒരു സൗജന്യ ആപ്ലിക്കേഷന്‍ തയാറാക്കുകയാണ് വകുപ്പ് ചെയ്തത്. ആക്റ്റീവ്- 10 എന്ന ആപ്പ് വേഗത്തില്‍ നടക്കുന്ന സമയത്തുള്ള വ്യതിയാനങ്ങള്‍ നിരീക്ഷിക്കുകയും ദൈനംദിന വ്യായാമത്തില്‍ ഇത് കൂടുതല്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍ക്കുകയും ചെയ്യുന്നു.

മധ്യവയസ് പിന്നിട്ടവരെ ലക്ഷ്യമിട്ട് ഇംഗ്ലിഷ് പൊതുജനാരോഗ്യ വകുപ്പ് പല നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. 40- 60 വയസിനിടയ്ക്കുള്ളവര്‍ ഒരാഴ്ച 150 മിനുറ്റ് വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നതാണ് ഇതില്‍ പ്രധാനം. എന്നാല്‍ ഈ പ്രായപരിധിയില്‍പ്പെട്ട പകുതി പേരും ഇതു ചെയ്യുന്നില്ല. ഇവരില്‍ അഞ്ചിലൊരാളാകട്ടെ ആഴ്ചയില്‍ 30 മിനുറ്റില്‍ താഴെ മാത്രമാണ് വ്യായാമം ചെയ്യുന്നത്. ദിവസവും 10 മിനുറ്റ് നടത്തമെന്ന നിര്‍ദേശത്തിലേക്ക് ഇത് ഉയരുന്നില്ലെങ്കില്‍പ്പോലും ജീവിതശൈലീരോഗങ്ങള്‍ ബാധിച്ചവരില്‍ ഒരു തുടക്കമെന്ന നിലയില്‍ ഇതിന് മാറ്റമുണ്ടാക്കാന്‍ കഴിയും. രക്തസമ്മര്‍ദ്ദം, പ്രമേഹം, ശരീരഭാര പ്രശ്നങ്ങള്‍, വിഷാദരോഗം, ഉല്‍ക്കണ്ഠ, നാഡീ-പേശീ രോഗങ്ങള്‍, അസ്ഥിരോഗങ്ങള്‍, നടുവേദന തുടങ്ങി ഈ പ്രായത്തിലുള്ളവരെ കഷ്ടപ്പെടുത്തുന്ന രോഗങ്ങള്‍ നിരവധിയാണ്. വ്യായാമത്തിലേര്‍പ്പെടുന്ന മധ്യവയ്കര്‍ക്കുണ്ടാകുന്ന കുട്ടികളിലും അതിന്റെ ഗുണങ്ങള്‍ ഉണ്ടാകുമെന്നും വകുപ്പ് വ്യക്തമാക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: