നിരോധിച്ച 1000, 500 നോട്ടുകളുടെ 99 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ യുടെ ഔദ്യോഗിക സ്ഥിരീകരണം

 

നോട്ട് നിരോധനത്തിന് ശേഷം ആയിരം, അഞ്ഞൂറ് നോട്ടുകളുടെ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തി. ആയിരത്തിന്റെ 8900 കോടി പീസ് നോട്ട് മാത്രമാണ് ഇനി തിരിച്ചെത്താന്‍ ബാക്കിയുള്ളത്. വിപണിയിലുള്ള നോട്ടിന്റെ 1.4 ശതമാനം മാത്രമാണിത്. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്ക് വെളിപ്പെടുത്തിയത്.

നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയുമായി 15.28 ലക്ഷം കോടി രൂപയാണ് തിരിച്ചെത്തിയത്. നിലവില്‍ ആയിരം രൂപയുടെ 632.6 കോടി പീസുകളാണ് വിപണിയിലുള്ളത്. ഇതില്‍ 8.9 കോടി പീസുകളാണ് നോട്ട് നിരോധനത്തിന് ശേഷം തിരിച്ചെത്താനുള്ളത്. കള്ളപ്പണം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ 8 ന് ആണ് ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചത്.

നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഡിസംബര്‍ 30 വരെയാണ് സര്‍ക്കാര്‍ സമയം അനുവദിച്ചത്. നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ 6.86 ലക്ഷം കോടി രൂപയുടെ മൂല്യമു?ള്ള ആയിരം രൂപ നോട്ടുകളാണു വിപണിയിലുണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചിന് ശേഷം 8,925 കോടി രൂപ മൂല്യമുള്ള ആയിരത്തിന്റെ നോട്ടുകള്‍ വിപണിയില്‍ ശേഷിക്കുന്നതായി ആര്‍ബിഐ വെളിപ്പെടുത്തിയിരുന്നു. പിന്‍വലിച്ച ആയിരം രൂപ നോട്ടുകളുടെ 1.3 ശതമാനം മാത്രമാണിതെന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ നിരോധിച്ച 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന വിവരത്തോടെ നോട്ട് നിരോധനം പൂര്‍ണ വിജയമായിരുന്നില്ല എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: