ഗര്‍ഭിണിയായ യുവതിയെ ഓപ്പറേഷന്‍ ടേബിളില്‍ കിടത്തി ഡോക്ടര്‍മാര്‍ തമ്മിലടിച്ചു; നവജാത ശിശു മരിച്ചു

ഓപ്പറേഷന്‍ ചെയ്യാനായി ഗര്‍ഭിണിയെ ടേബിളില്‍ കിടത്തിയ ശേഷം ഡോക്ടര്‍മാര്‍ തമ്മില്‍ വാഗ്വാദം. ഡോക്ടര്‍മാര്‍ തമ്മില്‍തല്ലിയതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ വൈകി. നവജാതശിശു മരിച്ചു. ഓപ്പറേഷന്‍ തിയറ്ററിലെ ഒരു നേഴ്സ് സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് പുറത്തുവന്നതിന് പിന്നാലെ ഇരുഡോക്ടര്‍മാരെയും അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.

രാജസ്ഥാനിലെ ജോധ്പൂര്‍ ഉമൈദ് ആശുപത്രിയിലാണ് സംഭവം. ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി സിസേറിയന്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിനായി അനസ്തീഷ്യ കൊടുത്ത് ഗര്‍ഭിണിയെ ടേബിളില്‍ കിടത്തി ഓപ്പറേഷന്‍ ആരംഭിക്കും മുന്‍പാണ് ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയത്.

ഓപ്പറേഷന് നേതൃത്വം നല്‍കിയത് ഗൈനക്കോളജി വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍ അശോക് നാനിവാള്‍ ആണ്. മയക്കാനായി അനസ്തീഷ്യ നല്‍കിയ മധൂര ലാല്‍ തക് ആയിരുന്നു. അനസ്തീഷ്യ നല്‍കുന്നതിന് മുന്‍പ് രോഗി ഭക്ഷണം കഴിച്ചിരുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഡോക്ടര്‍മാര്‍ തമ്മിലുള്ള കയ്യാങ്കളിയുടെ വക്കോളമെത്തിയത്. പരസ്പരം അസഭ്യവര്‍ഷം നടത്തിയായിരുന്നു തര്‍ക്കം. ഈ സമയമത്രയും ഗുരുതരനിലയിലുള്ള ഗര്‍ഭിണി ഓപ്പറേഷന്‍ കാത്ത് അര്‍ദ്ധബോധാവസ്ഥയില്‍ ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കൃത്യസമയത്ത് ആവശ്യത്തിന് ഓക്സിജന്‍ കിട്ടാതെ വന്നതാണ് ശിശുവിന്റെ മരണത്തിന് കാരണമായത്.

കൃത്യസമയത്ത് ഓപ്പറേഷന്‍ നടത്തി കുട്ടിയെ പുറത്തെടുക്കാതെ ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം നടത്തിയതാണ് കുട്ടിയുടെ മരണത്തില്‍ കലാശിച്ചതെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് രഞ്ജന ദേശായി പറഞ്ഞു. ഡോ. എസ്എന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അമിലാല്‍ ഭട്ടിനാണ് ഉമൈദ് ആശുപത്രിയുടെ ഭരണചുമതല. സംഭവം തന്റെ ശ്രദ്ധയില്‍പെട്ടയുടന്‍ ഇരു ഡോക്ടര്‍മാരെയും സസ്പെന്റ് ചെയ്യുകയായിരുന്നുവെന്ന് ഡോക്ടര്‍ ഭട്ട് അറിച്ചു.

സംഭവത്തെക്കുറിച്ച് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സര്‍വീസില്‍ നിന്ന് നീക്കപ്പെട്ടതിന് പിന്നാലെ ഇരു ഡോക്ടര്‍മാര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമുണ്ടാകുമെന്നാണ് വിവരം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: