ഹാര്‍വി ചുഴലി: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയടക്കം 30 മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

യുഎസ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ കാറ്റുകളിലൊന്നായി മാറിയ ഹാര്‍വി മൂലം ഇതുവരെ ടെക്‌സസില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മുപ്പതോളംപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ടെക്‌സസ് എ.എം സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് പി.ജി വിദ്യാര്‍ഥിയും ജയ്പൂര്‍ സ്വദേശിയുമായ നിഖില്‍ ബാട്ടിയ ആണ് മരിച്ചത്. ആയിരക്കണക്കിനാളുകളാണ് ടെക്‌സസില്‍നിന്ന് ഒഴിഞ്ഞ് പോയിരിക്കുന്നത്. ടെക്‌സസിലും ലൂയിസിയാനയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം വെള്ളപ്പൊക്കത്തില്‍ കുടങ്ങിയ ഹൂസ്റ്റണ് സര്‍വകലാശാലയിലെ 200 വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏകദേശം 100,000 ഇന്ത്യന്‍ വംശജര്‍ ഹൂസ്റ്റണ്‍ ഭാഗത്ത് പ്രളയത്തില്‍ പെട്ടിരിക്കാമെന്നാണ് കരുതുന്നത്.

നിരവധി പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ട്. ഹാര്‍വിയെത്തുടര്‍ന്നു വെള്ളിയാഴ്ചയ്ക്കുശേഷം ഇതുവരെ ടെക്‌സസില്‍ ചിലയിടങ്ങളില്‍ 52 ഇഞ്ചു മഴപെയ്തിട്ടുണ്ട്. ഇതു സര്‍വകാല റിക്കാര്‍ഡാണെന്നു ദേശീയ കാലാവസ്ഥാ വകുപ്പു പറഞ്ഞു. ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ ടെക്‌സസിലുണ്ടായ പേമാരിയിലും വെളളപ്പൊക്കത്തിലും ഒട്ടേറെ മലയാളികളും ദുരിതത്തിലാണ്. ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുളളവരാണ് മഴക്കെടുതി നേരിടുന്നത്.

അഞ്ചാം ദിവസവും ടെക്‌സസില്‍ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. ആയിരക്കണക്കിനു സുരക്ഷാ ജീവനക്കാര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എത്രപേരെ കാണാതായിട്ടുണ്ടെന്ന വിവരം ലഭ്യമല്ല. മേഖലയിലെ ഗതാഗത സംവിധാനങ്ങള്‍ തകരാറിലായതോടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും മറ്റും പ്രയാസം നേരിടുകയാണ്.

പ്രസിഡന്റ് ട്രംപ് ഇന്നലെ ടെക്‌സസിലെ കോര്‍പ്പസ് ക്രിസ്റ്റി നഗരത്തിലെത്തി. ഹാര്‍വി വന്‍നാശമാണുണ്ടാക്കിയിരിക്കുന്നതെന്നും എന്നാല്‍ ടെക്‌സസിന് എന്തും നേരിടാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു തടസമുണ്ടാകാതിരിക്കാനായി ഹൂസ്റ്റണ്‍ സന്ദര്‍ശനം ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിന്റെ ഉദാഹരണമായി നമ്മള്‍ ടെക്‌സസില്‍ രക്ഷാപ്രവര്ത്തനം നടത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

https://youtu.be/ogyhc-EpcWw

 

 

എ എം

Share this news

Leave a Reply

%d bloggers like this: