അയര്‍ലണ്ടിലെ ശുദ്ധജല സ്രോതസുകള്‍ക്ക് ഗുണനിലവാരത്തകര്‍ച്ച നേരിടുന്നു: ഇ യു റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തെ ജലവിതാനങ്ങള്‍ ഗുണനിലവാരമില്ലായ്മ നേരിടുന്നതായി യൂറോപ്യന്‍ യൂണിയന്‍. ഓരോ വര്‍ഷങ്ങളിലും 20 ശതമാനത്തോളം പുഴകള്‍ മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. 1980-കളില്‍ യൂണിയന്‍ നിര്‍ദ്ദേശിക്കുന്ന ഗുണനിലവാര പട്ടികയില്‍ 500 ഐറിഷ് ജല സ്രോതസുകള്‍ ഉള്‍പ്പെട്ടെങ്കില്‍ 2013 മുതല്‍ 2015 വരെ നടത്തിയ പരിശോധനയില്‍ വെറും 21 ജലാശയങ്ങള്‍ മാത്രമാണ് ഉയര്‍ന്ന നിലവാരം പുലര്‍ത്തിയത്. പരിസ്ഥിതി സംരക്ഷ വകുപ്പ് നടത്തിയ ദേശീയ നിലവാര പട്ടികയിലും ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞു വരുന്നതായി രേഖപ്പെടുത്തിയിരുന്നു.

പരിസ്ഥിതി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2010 മുതല്‍ 2015 വരെ 43 ശതമാനം ജലാശയങ്ങള്‍ ഗുണനിലവാര തകര്‍ച്ച നേരിട്ടിരുന്നു. തടാകങ്ങള്‍, ഭൂഗര്‍ഭ ജലം, തീരദേശങ്ങള്‍, പുഴകള്‍ തുടങ്ങി എല്ലാവിധ ജല സ്രോതസുകളും പരിശോധനക്ക് വിധേയമായി. 2015-ഓടെ യൂണിയന്‍ അംഗരാജ്യങ്ങളിലെ ജലാശയങ്ങള്‍ ഉയര്‍ന്ന ഗുണ നിലവാരം പുലര്‍ത്തണമെന്ന് ഇ.യു നിഷ്‌കര്‍ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജലാശയങ്ങളിലേക്ക് അശാസ്ത്രീയമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നദികളെയും തടാകങ്ങളുടെയും നിലനില്‍പ്പിനു തന്നെ ഭീഷണിയുയര്‍ത്തുന്നുവെന്ന് യൂണിയന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐറിഷ് നദികളില്‍ ഇടയ്ക്കിടെ മത്സ്യങ്ങളും മറ്റ് ജലജീവികളും ചത്തൊടുങ്ങുന്നത് മലിനീകരണത്തിന്റെ തോത് വ്യക്തമാക്കുന്ന ഉദാഹരണമായി പരിസ്ഥിതി സംഘടനകള്‍ എടുത്തു പറയുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനം, പ്രകൃതിസംരക്ഷണം എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള വിപുലമായ നിയമങ്ങള്‍ രാജ്യം അനുവര്‍ത്തിക്കാന്‍ വൈകരുതെന്നാണ് യൂണിയന്റെ നിര്‍ദ്ദേശം. കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിലും മറ്റ് യൂണിയന്‍ അംഗങ്ങളെ അപേക്ഷിച്ച് അയര്‍ലന്‍ഡ് പിന്നോട്ടടിക്കുന്നത് ശ്രദ്ധയില്‍പെട്ട ഇ.യു കടുത്ത നിയന്ത്രങ്ങള്‍ അയര്‍ലന്‍ഡിന്മേല്‍ ചുമത്തിയേക്കും.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: