ഐറിഷ് ഗതാഗത രംഗം വീണ്ടും പ്രതിസന്ധിയിലേക്ക്…

ഡബ്ലിന്‍: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഐറിഷ് റയില്‍ ജീവനക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. എസ്.ഐ.പി.റ്റി.യു തൊഴിലാളി യുണിയനുകളാണ് റയില്‍വേ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഡബ്ലിന്‍ ബസ്, ലുവാസ് തുടങ്ങി രാജ്യത്തെ ഗതാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചപ്പോള്‍ തങ്ങളെ മാത്രം ഒഴിവാക്കിയെന്നാണ് റയില്‍വേ ജീവനക്കാരുടെ വാദം. രണ്ടായിരത്തിന് ശേഷം ഈ വിഭാഗം ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ് ഉണ്ടായില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

2008 മുതല്‍ 2013 വരെ 36 മില്യണ്‍ യൂറോ മാത്രമാണ് റയില്‍വേ തൊഴിലാളികള്‍ക്ക് വേണ്ടി ചെലവാക്കിയത്. ബസ് ഏറാന്‍, ഡബ്ലിന്‍ ബസ് എന്നിവയെ തട്ടിച്ചു നോക്കുമ്പോള്‍ പ്രവര്‍ത്തനം മികവുള്ളതും അതുപോലെ വരുമാനം കുറഞ്ഞവരുമാണ് റയില്‍വേ ജീവനക്കാര്‍. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ റയില്‍ ഗതാഗതം തടസപ്പെടുത്തിക്കൊണ്ടുള്ള ശമ്പള പരിഷ്‌കരണം ആവശ്യപ്പെടാത്ത വിഭാഗം കൂടിയാണിവര്‍.

റെയില്‍വേക്ക് ലഭിക്കുന്ന ലാഭം വിവിധ പദ്ധതികള്‍ക്ക് വേണ്ടി ചെലവിടാന്‍ ഇതിനകം നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല നഷ്ടം സംഭവിക്കാതെ രാജ്യത്ത് ഗതാഗതം നടത്തുന്നതില്‍ ഐറിഷ് റയില്‍ പൂര്‍ണ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ ജീവനക്കാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുന്നത് തീര്‍ത്തും സ്വാഗതാര്‍ഹമാണെന്നാണ് എസ്.ഐ.പി.റ്റി.യു യൂണിയന്റെ വാദം. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്ക് പ്രതികരണം നടത്താന്‍ റയില്‍ ദേശീയ ഗതാഗത ഉന്നതാധികാര സമിതി തയ്യാറായിട്ടുമില്ല.

യൂണിയന്‍ അംഗങ്ങള്‍ രേഖാമൂലമുള്ള റിപ്പോര്‍ട്ട് റയില്‍ ഉന്നതാധികാരികള്‍ക്ക് ഉടന്‍ കൈമാറും. യൂണിയനും, റെയില്‍വേയും തമ്മിലുണ്ടായേക്കാവുന്ന ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ മറ്റൊരു ഗതാഗത സ്തംഭനത്തെ നേരിടാന്‍ ഐറിഷ് ജനത തയ്യാറെടുക്കേണ്ടി വരും. ആവശ്യമെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ നടത്തുമെന്നാണ് റയില്‍വേ തൊഴിലാളികള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: