കോര്‍ക്കിലെ ഒരുമയുടെ ഓണം വര്‍ണ്ണാഭമായി

കോര്‍ക്ക്: ഒരുമയുടെ ഓണം തകര്‍ത്തു തിമര്‍ത്തു ആഘോഷിച്ചു കോര്‍ക്ക് . വേള്‍ഡ് മലയാളീ കൗണ്‍സിലും കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷനും സംയുക്ത്തമായി സംഘടിപ്പിച്ച ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന് ടോക്കര്‍ സെന്റ് .ഫിന്‍ബാര്‍’സ് ക്ലബ്ബില്‍ രാവിലെ ഒന്‍പത് മണിക്ക് അത്തപ്പൂക്കളമിട്ടതോടെ തുടക്കമായി .കുട്ടികളുടെ കലാ കായിക മത്സരങ്ങള്‍ ആയിരുന്നു പിന്നീട് കടല പെറുക്കല്‍, കസേരകളി , പുഞ്ചിരി മത്സരം തുടങ്ങിയവയില്‍ പങ്കെടുക്കാന്‍ നിരവധി കുരുന്നുകള്‍ ആണെത്തിയതു. മുതിര്‍ന്ന സ്ത്രീകളുടെ കസേരകളി,ഗൗരവ മത്സരം എന്നിവ കാണികളില്‍ ചിരി പടര്‍ത്തി .അതിനു ശേഷം നടന്ന പുരുഷന്മാരുടെ വാശിയേറിയ വടംവലി മത്സരത്തില്‍ അയര്‍ലന്റിലെ തന്നെ ചാമ്പ്യന്മാരായ കോര്‍ക്കിലെ വില്‍ട്ടന്‍ ബോയ്‌സ് വിജയകിരീടം ചൂടി . തുടക്കക്കാരായ വന്ന മാല്ലോ ഗുലാന്‍സ് പ്രവചനങ്ങളെ തെറ്റിച്ചുകൊണ്ട് ശക്തരായ സെവെന്‍സ്റ്റാര്‍ മിഡില്‍ടണിനെ പിന്തള്ളി ഫൈനലില്‍ എത്തി .വനിതകള്‍ ഒട്ടും പിന്നിലല്ല എന്നതിന്റെ തെളിവായിരുന്നു വടംവലിക്കായി ആറു ടീമുകള്‍ എത്തിയത് .ഫൈനലില്‍ മാല്ലോ ഗുലന്‍സിന്റെ വനിതകളെ മലര്‍ത്തിയടിച്ചു കോര്‍ക്ക് ക്രേസി ഗേള്‍സ് ജേതാക്കളായി .ഓണം ഉണ്ടറിയണം എന്ന ചൊല്ല് അന്വര്ഥമാക്കുന്നതായിരുന്നു തുടര്‍ന്നുള്ള വിഭവ സമൃദ്ധമായ ഓണ സദ്യ . വയറും മനസ്സും നിറഞ്ഞ ജനങ്ങളുടെ ഇടയിലേക്ക് ആര്‍പ്പോ ഇര്‍റോ വിളികളുടെ അകമ്പടിയോടെ മാവേലി എത്തിയപ്പോള്‍ ആഘോഷം അതിന്റെ പാരമ്യതയിലെത്തി .ഡബ്ലിയു എം സി ചെയര്‍മാന്‍ ജോസഫ് ജോസഫ്,വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, സി പി എം എ പ്രസിഡന്റ് സഞ്ജിത് ജോണ്‍ ,സെക്രട്ടറി അനീഷ് സ്‌കറിയ എന്നിവര്‍ മാവേലിയോടൊപ്പം ദീപം കൊളുത്തിയതോടെ കോര്‍ക്കിലെ കൊച്ചു കലാകാരന്മാരും യുവജനങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ക്ക് തുടക്കമായി.പാട്ടുകള്‍ക്കും നൃത്തത്തിനുമൊപ്പം സദസ്സൊന്നടങ്കം കയ്യടിച്ചും നൃത്തം വച്ചും മുന്നേറിയപ്പോള്‍ ഒരുമയുടെ ഓണം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുകയായിരുന്നു .കോര്‍ക്കിലെ മലയാളി മങ്കമാര്‍ അണിയിച്ചൊരുക്കിയ തിരുവാതിരകളി സദസ്യരെ ഗൃഹാതുരതയിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു.വൈസ് ചെയര്‍മാന്‍ റ്റുബീഷ് രാജു സ്വാഗതം പറഞ്ഞ ശേഷം സെക്രെട്ടറിമാരായ ശ്രീ ലക്ഷ്മിയും അനീഷ് സ്‌കറിയയുംചേര്‍ന്ന് മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി .ലിവിങ് സെര്‍ട് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ സ്‌നേഹ വിനോദിനെ ആദരിക്കുകയും കോര്‍ക് സിറ്റി കൗണ്‍സില്‍ സംഘടിപ്പിച്ച മള്‍ട്ടി കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു വിജയികളായ സിയാ സിറിയക്കിനെയും ആഞ്ചേല ജോണ്‍സനെയും അഭിനന്ദിക്കുകയും ചെയ്തു .ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഇരു സംഘടനയിലെയും പ്രവര്‍ത്തകര്‍ക്കും കോര്‍ക്കിലെ എല്ലാ മലയാളികള്‍ക്കും നന്ദിയും സമ്പല്‍ സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും ഓണാശംസകള്‍ നേര്‍ന്നും കൊണ്ട് ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തിരശീല വീണു .

വാര്‍ത്ത : ജോണ്‍സന്‍ ചാള്‍സ്

Share this news

Leave a Reply

%d bloggers like this: