ആള്‍താമസമില്ലാത്ത വീടുകള്‍ വില്പനക്ക് വിട്ടു നല്‍കേണ്ടി വരുന്ന നിയമം പ്രാബല്യത്തില്‍

ഡബ്ലിന്‍: ഒരു വര്‍ഷത്തില്‍ കൂടുതലായ സമയ പരിധിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ഉടന്‍ വില്പനക്ക് വിട്ടു നല്‍കേണ്ടി വരുന്ന നിര്‍ബന്ധിത വില്പന നിയമം നിലവില്‍ വന്നു. രാജ്യത്തെ രൂക്ഷമായ ഭവന പ്രതിസന്ധിക്ക് ആശ്വാസകരമാവുന്ന നിയമത്തെ ഭവന രഹിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ മേക് വെറി ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്വാഗതം ചെയ്തിരിക്കുകയാണ്. രാജ്യത്തെ ലോക്കല്‍ അതോറിറ്റികളോട് സി.പി.ഒ എന്നറിയപ്പെടുന്ന നിയമപ്രകാരം ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ വില്പനക്ക് എത്തിക്കണമെന്ന് അറ്റോണി ജനറല്‍ ഉത്തരവിട്ടു.

ഡബ്ലിന്‍ നഗരത്തില്‍ മാത്രം ഇരുപതിനായിരം കെട്ടിടങ്ങളാണ് ആള്‍താമസം ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. സി.പി.ഒ നിയമത്തോടെ ഇത്തരം കെട്ടിടങ്ങളെല്ലാം താമസ യോഗ്യമായി മാറും. തലസ്ഥാന നഗരിയില്‍ വന്‍കിട കമ്പനികളുടേത് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഉപയോഗ്യ സൂന്യമായി തുടരുകയാണ്.

പുതിയ സോഷ്യല്‍ ഹൌസ് യൂണിറ്റുകള്‍ക്കൊപ്പം തന്നെ ആള്‍ താമസമില്ലാതെ ഇത്തരം കെട്ടിടങ്ങളും പ്രയോജനപ്പെടുത്തിയാല്‍ രാജ്യത്തെ ഭവന രഹിതരുടെ എണ്ണം ക്രമാതീതമായി കുറയുമെന്നാണ് ഭവന മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. അയര്‍ലണ്ടില്‍ വാടകയ്ക്ക് നല്‍കാതെ പൂഴ്ത്തിവെയ്ക്കപ്പെടുന്ന കെട്ടിടങ്ങളും സര്‍വ്വസാധാരണമാണ്. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാതെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ച് ഉയര്‍ന്ന വാടകക്ക് ഇവ വിട്ടു നല്‍കുന്ന വീട്ടുടമകളും കുറവല്ല. അതായത് പൂഴ്ത്തിവെയ്ക്കപ്പെടുന്ന ഇത്തരത്തിലുള്ള കെട്ടിടങ്ങളാണ് രാജ്യത്ത് വാടക വില ഉയര്‍ത്തുന്നത്. സി.പി.ഒ നിയമം വരുന്നതോടെ ഭവന രംഗത്തുള്ള ഇത്തരം പോരായ്മകള്‍ പരിഹരിക്കപ്പെടും.

സി.പി.ഒ നിയമം ഡബ്ലിനിലെ മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ക്കും ഭവനസൗകര്യമൊരുക്കുന്നതിന് നിര്‍ണ്ണായക ഘടകമായി മാറും. ഭവന പ്രതിസന്ധിക്കൊപ്പം തന്നെ ഡബ്ലിനില്‍ വാടക നിയന്ത്രണ നിയമം നിലവില്‍ വരണമെന്ന് ഡബ്ലിനിലെ മലയാളി സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടു വരികയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഉണ്ടായ ഭവന രഹിതരുടെ മരണത്തെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സി.പി.ഒ നിയമം പാസാക്കിയിരിക്കുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: