രാജ്യത്തിലെ അബോര്‍ഷന്‍ നിയമത്തെ എതിര്‍ത്ത് ഡോക്ടര്‍ റോണാ മഹോണി

 

ഡബ്ലിന്‍: ഡബ്ലിന്‍ ഹോളിസ്ട്രീറ്റിലുള്ള നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലെ ചീഫ് ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ റോണാ മഹോണി എട്ടാം ഭരണഘടനാ ഭേദഗതി എടുത്തു മാറ്റുന്നതിനോട് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ്. തന്റെ ആറ് വര്‍ഷത്തെ ആശുപത്രി ജീവിതത്തെ മുന്‍നിര്‍ത്തിയാണ് മഹോണി ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. കോ-കില്‍ഡെയറില്‍ സംഘടിപ്പിക്കപ്പെട്ട ഡോക്ടര്‍മാരുടെ സമ്മേളനത്തിനിടെയാണ് ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം ഡോക്ടര്‍ തുറന്നടിച്ചത്.

സ്ത്രീ സംഘടനകള്‍ ഉയര്‍ത്തുന്ന സ്ത്രീ ശരീരത്തിന്റെ അവകാശ വാദങ്ങളുമായി ബന്ധപ്പെട്ടായിരുന്നില്ല ഭരണഘടനാ ഭേദഗതി എടുത്തു മാറ്റണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടത്. മറിച്ച് ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലത്ത് ഉണ്ടാവുന്ന സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശനങ്ങളെ തുടര്‍ന്ന് അബോര്‍ഷന്‍ നടത്തുന്നതിന് അവരെ യു.കെയിലേക്ക് പറഞ്ഞു വിടേണ്ടി വന്ന അനുഭവങ്ങള്‍ തന്റെ മുന്നിലുണ്ടെന്ന് റോണാ എടുത്തു പറയുന്നു. അയര്‍ലണ്ടില്‍ മെറ്റേണിറ്റി ആശുപത്രികള്‍ ഉള്ളപ്പോള്‍ തന്നെ മറ്റൊരിടത്തേക്ക് ഗര്‍ഭിണികളെ പറഞ്ഞു വിടേണ്ടി വരുന്ന അവസ്ഥ നിയമപാലകര്‍ മനസിലാക്കണമെന്നും അവര്‍ ആവശ്യപ്പെടുകയാണ്.

ആരോഗ്യ പരമായ കാരണങ്ങളാല്‍ അബോര്‍ഷന്‍ അനുവദിക്കേണ്ടി വരാറുണ്ട്. ഐറിഷ് നിയമ പ്രകാരം വളരെ സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ മാത്രമാണ് അബോര്‍ഷന്‍ അനുവദനീയമായിട്ടുള്ളത്. ഗര്‍ഭധാരണത്തിന്റെ ആദ്യ മാസങ്ങളില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുകയും എന്നാല്‍ തൊട്ടടുത്ത മാസങ്ങളില്‍ സങ്കീര്‍ണ്ണത കണ്ടെത്തപ്പെടുകയും ചെയ്യുമ്പോള്‍ ഗര്‍ഭിണികള്‍ക്ക് അബോര്‍ഷന്‍ മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള ഏക ആശ്രയം. അതിനുള്ള നിയമാനുവധിക്ക് കാത്തിരിക്കേണ്ടി വരുമ്പോഴേക്കും സ്ത്രീയുടെ ആരോഗ്യം ഏറെ വഷളാവുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. അതുകൊണ്ടാണ് കര്‍ശനമായ അബോര്‍ഷന്‍ നിയമങ്ങള്‍ എടുത്തു കളയുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഡോക്ടര്‍ വ്യക്താക്കി.

രാജ്യത്ത് അബോര്‍ഷന്‍ അനുമതി ഇല്ലെങ്കിലും അതിനു താത്പര്യം പ്രകടിപ്പിക്കുന്നവര്‍ മറ്റു രാജ്യങ്ങളിലെത്തി ഗര്‍ഭഛിദ്രം നടത്താറുണ്ട്. വര്‍ഷത്തില്‍ ഏകദേശം രണ്ടായിരത്തില്‍ കൂടുതല്‍ അബോര്‍ഷനുകള്‍ ഇത്തരത്തില്‍ ഐറിഷുകാര്‍ക്കിടയില്‍ നടക്കുന്നുണ്ട്. എന്നിരിക്കെ നിയമങ്ങള്‍ സുതാര്യമാക്കിയാല്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അതിനെ അതിജീവിക്കാന്‍ സഹായകമാകുമെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: