മാനസികാരോഗ്യ വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി പുതിയ ഓണ്‍ലൈന്‍ ചികിത്സാ സംവിധാനം അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുന്നു

ഡബ്ലിന്‍: കൗമാരക്കാര്‍ക്കിടയില്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഓണ്‍ലൈന്‍ വഴിയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ അടുത്ത ആഴ്ച മുതല്‍ യാഥാര്‍ഥ്യമാകും. ടേണ്‍2മി ഡോട്ട് ഒആര്‍ജി എന്ന ഐറിഷ് വെബ്സൈറ്റിലൂടെ, പരിശീലനം സിദ്ധിച്ച മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. 16 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ സംരംഭം നിലവില്‍ വരുന്നത്.

2009 മുതല്‍ ടേണ്‍2മി ഡോട്ട് ഒആര്‍ജി എന്ന വെബ്സൈറ്റ് പ്രചാരത്തിലുണ്ടെങ്കിലും ഭാഗികമായി മാത്രമായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. 2014-ല്‍ വെബ്സൈറ്റിന്റെ പ്രവര്‍ത്തന മികവിനെ തുടര്‍ന്ന് ഹെല്‍ത്ത് സര്‍വീസ് എസ്സിക്യൂട്ടീവ് എട്ട് സൗജന്യ ഓണ്‍ലൈന്‍ കൗണ്‍സിലിംഗിന് വേണ്ടി ഫണ്ടിങ് നടത്തിയിരുന്നു. വെബ്സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. അതിന് ശേഷം മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന കൗമാരപ്രായക്കാര്‍ക്ക് വേണ്ടി പുതിയ സേവനവുമായി വെബ്സൈറ്റ് രംഗത്ത് എത്തുകയായിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കാനും പരിഹാരം നേടാനും ഈ സേവനം പ്രയോജനപ്പെടുത്താം. ഉത്കണ്ഠ, വിഷാദ രോഗം, കുടുംബബന്ധങ്ങളിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ എന്നിവ മനഃശാസ്ത്ര വിദഗ്ദ്ധനുമായി പങ്കുവെക്കാം. വെബ്സൈറ്റില്‍ അകൗണ്ട് തുടങ്ങുന്നവര്‍ക്ക് സമാന രോഗങ്ങള്‍ ഉള്ളവരുമായി ആശയവിനിമയം നടത്താനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.turn2meyouth.ie അല്ലെങ്കില്‍ www.turn2meyouth.org. എന്ന വെബ്സൈറ്റുമായി ബന്ധപ്പെടാം.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: