മലയാളപ്പെരുമയോടെ ഡോനിഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം

ഡോനിഗല്‍: ഡോനിഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ (DIMA) ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 9-ന് ലെറ്റര്‍ കെനിയിലെ ആന്‍-ഗ്രിയാന്‍ തിയറ്ററില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ഡോണിഗലിലെ ഇരുന്നൂറോളം വരുന്ന മലയാളിക്കൂട്ടം ഒന്നടങ്കം ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. ഡോനിഗളില്‍ ഇത് ഒന്‍പതാം വര്‍ഷമാണ് ഓണാഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.

മലയാളി തനിമ നിലനിര്‍ത്തിക്കൊണ്ട് പരമ്പരാഗത കേരളീയ വസ്ത്രങ്ങളും പൂക്കളവും ഓണ സദ്യയുമായി ആഘോഷിക്കപെട്ട പരിപാടിയില്‍ സംഗീത നൃത്ത പരിപാടികളും ആഘോഷത്തിന് പൊലിമ കൂട്ടി. വാഴയിലയില്‍ 25 കൂട്ടം കറികള്‍ക്ക് ഒപ്പം വിളമ്പിയ സദ്യ തികച്ചും മലയാളിപ്പെരുമ വിളിച്ചോതുന്നതായിരുന്നു. മലയാളി മന്നനായ മഹാബലിയെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുക്കിയ അത്തച്ചമയങ്ങളും ഓണത്തിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു.

ഒരിക്കല്‍ കേരള മണ്ണില്‍ സാമ്രാജ്യം തീര്‍ത്ത മഹാബലി കള്ളവും ചതിയുമില്ലാത്ത ഭരണകര്‍ത്താവ് ആയിരുന്നു എന്നാണ് ഐതിഹ്യം. മൂന്നടി മണ്ണ് തേടി വന്ന വാമനനെ മൂന്നാമത്തെ അടി മണ്ണ് നല്‍കാന്‍ കഴിയാത്തതിനാല്‍ തന്റെ ശിരസ്സ് തന്നെ സമര്‍പ്പിച്ച് വാക്ക് പാലിച്ച സ്രേഷ്ടനായ രാജാവായിരുന്നു മഹാബലി. ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ എത്തുന്ന മഹാബലിക്ക് വിരുന്നൊരുക്കനാണ് ഓണം ആഘോഷിക്കുന്നത്.

ഐതിഹ്യത്തോടൊപ്പം തന്നെ മലയാള മണ്ണിന്റെ കാര്‍ഷിക സമൃദ്ധി വിളംബരം ചെയ്യുന്ന ഉത്സവം കൂടിയാണ് മലയാളികള്‍ക്ക് ഓണം. വര്‍ണ വര്‍ഗ്ഗ ജാതി മത വ്യത്യാസമില്ലാതെ ദരിദ്രനും ധനികനും ഒരുപോലെ കൊണ്ടാടുന്ന ഓണത്തിന്റെ എല്ലാ വിധ ആഘോഷങ്ങളും ഡോനിഗളിലും അരങ്ങേറി. സദ്യക്കൊപ്പം തിരുവാതിരക്കളി, മോഹിനിയാട്ടം, കണ്യാര്‍കളി, കുഴലൂത്ത്, നാടകം, ഓണപ്പാട്ടുകള്‍, തുമ്പി തുള്ളല്‍ എന്നിവകൊണ്ട് വര്‍ണാഭമായിരുന്നു ഡോനിഗല്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം.

 

 

Share this news

Leave a Reply

%d bloggers like this: