കുഞ്ഞുങ്ങളെ കളിപ്പാട്ടമാക്കി; നഴ്‌സുമാരുടെ ജോലി തെറിച്ചു

 

നവജാത ശിശുക്കളെ റോക്ക് സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യിക്കാന്‍ ശ്രമിക്കുകയും കൈയിലെടുത്ത് വായുവില്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത രണ്ട് നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലയിലുള്ള നാവിക ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് ജോലി നഷ്ടമായത്. ജനിച്ച് ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമുള്ള കുട്ടികളോടാണ് നവജാതശിശു പരിചരണ വാര്‍ഡില്‍വെച്ച് നഴ്‌സുമാര്‍ ക്രൂരമായി പെരുമാറിയത്.

ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഇവര്‍ക്ക് വിനയായത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഒരു നഴ്‌സ് കുഞ്ഞിനെ കിടക്കയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയും കൈകാലുകള്‍ സംഗീതത്തിനനുസരിച്ച് ചലിപ്പിക്കുകയും ചെയ്യുന്നു.

മറ്റൊരു നഴ്‌സാവെട്ട, കുഞ്ഞിനെ കൈയിലെടുത്ത് മേലോട്ട് ചെറുതായി എറിഞ്ഞു പിടിച്ചുകൊണ്ട് ‘ഈ കുട്ടിച്ചാത്തന്മാരെക്കൊണ്ട് ഞാന്‍ തോറ്റു’ എന്നു പറയുന്നു. ഈ രണ്ട് വിഡിയോകളും ഫേസ്ബുക്കില്‍ വന്നതോടെ സമൂഹിക മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് സാംസ്‌കാരിക പ്രവര്‍ത്തകരും സമൂഹത്തിലെ മറ്റ് നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്തുവന്നതോടെ ആശുപത്രി അധികൃതര്‍ സംഭവത്തില്‍ മാപ്പു പറയുകയും നഴ്‌സുമാരെ പിരിച്ചുവിട്ടതായി അറിയിക്കുകയും ചെയ്തു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: