ആഗോള താപനം നിയന്ത്രക്കാന്‍ സാധിക്കുമെന്നു പഠനം

ആഗോള താപനത്തിലെ വര്‍ധന 1.5 സെല്‍ഷ്യസിലും താഴെ എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യം സാധ്യമാണെന്നു പുതിയ പഠനം വെളിപ്പെടുത്തുന്നു. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ മൈക്കിള്‍ ഗ്രബ്, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ മൈല്‍സ് അലന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നേച്ചര്‍ ജിയോസയന്‍സ് എന്ന ജേണലില്‍ പഠന സംഘം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ആഗോള താപനത്തെ നിയന്ത്രിക്കാനാകുമെന്നു ചൂണ്ടിക്കാണിക്കുന്നത്.

ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് കുത്തനെ ഇടിഞ്ഞതാണ് പ്രതീക്ഷകള്‍ക്കു വക നല്‍കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. പതിമൂന്ന് ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവില്‍ 2015 ഡിസംബര്‍ 13-നാണു പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള കരാറിനു ധാരണയായത്. 196 രാജ്യങ്ങളുടെ പ്രതിനിധികളാണു കരാറിന് അംഗീകാരം നല്‍കിയത്. ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ 2050-ല്‍ സന്തുലനാവസ്ഥ സാധ്യമാക്കുക, ഭൗമ താപനിലയിലെ വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക. ക്രമേണ ആ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക തുടങ്ങിയവയായിരുന്നു കരാറിലെ ധാരണകള്‍.

എന്നാല്‍ കരാര്‍ ആദ്യഘട്ടത്തില്‍ അസാദ്ധ്യമെന്നു കാണപ്പെട്ടു. കാരണം ആദ്യ ഏഴ് വര്‍ഷത്തില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന തോത് പൂജ്യം നിലയിലേക്കു താഴ്ന്നെങ്കില്‍ മാത്രമേ പാരിസ് കരാറില്‍ പരാമര്‍ശിക്കുന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂ. ഇത്തരം നിയന്ത്രണങ്ങളാകട്ടെ, ഒരിക്കലും പൊരുത്തപ്പെടാന്‍ സാധിക്കാത്ത വിധമുള്ളവയായിരുന്നെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഏറ്റവും പുതിയ പഠനമനുസരിച്ച് ആഗോള താപനത്തിലെ വര്‍ധന 1.5 സെല്‍ഷ്യസിലും താഴെ എത്തിക്കാന്‍ സാധിക്കുമെന്നു പഠന സംഘത്തില്‍പ്പെട്ട യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ മൈക്കിള്‍ ഗ്രബ് പറഞ്ഞു.

ലോകത്തില്‍ ഏറ്റവുമധികം കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നു ചൈനയാണ്. ഇവിടെ ഇപ്പോള്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നതായിട്ടാണു സൂചന. മാത്രമല്ല പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ചെലവുകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ചു കുത്തനെ ഇടിഞ്ഞതോടെ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന മലിനീകരണ തോത് കുറഞ്ഞിരിക്കുകയാണ്. ഇത് ആശാവഹമാണെന്നും ലോകം ഇപ്പോള്‍ ഊര്‍ജ്ജ വിപ്ലവത്തിന്റെ പാതയിലാണെന്നും മൈക്കിള്‍ ഗ്രബ് പറയുന്നു. ആഗോള താപനത്തിലെ വര്‍ധന 1.5 സെല്‍ഷ്യസിലും താഴെ എത്തിക്കുകയെന്ന ലക്ഷ്യം 2100-ാടെ കൈവരിക്കാനാകുമെന്നാണു പുതിയ പഠനഫലം വ്യക്തമാക്കുന്നത്. പക്ഷേ ലക്ഷ്യം കൈവരിക്കണമെങ്കില്‍ 2018 മുതല്‍ ലോക രാഷ്ട്രങ്ങള്‍ പാരിസ് ഉടമ്പടി പ്രകാരമുള്ള പ്രതിജ്ഞ ശക്തമായി നടപ്പില്‍ വരുത്തണമെന്നു പഠന റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: