ആശുപത്രി തിരക്കുകള്‍ കുറച്ചുകൊണ്ടുവരാന്‍ കുടുംബ ഡോക്ടര്‍ സംവിധാനം

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ അനുദിനം വര്‍ധിച്ചു വരുന്ന തിരക്കുകള്‍ ഒഴിവാക്കാന്‍ ഫാമിലി ഡോക്ടര്‍ എന്ന സംവിധാനത്തിന് കഴിയുമെന്ന് ഡെന്മാര്‍ക്കിന്റെ ഹെല്‍ത്ത് അംബാസിഡര്‍ പോള്‍ ഗ്രണ്ടി അഭിപ്രായപ്പെട്ടു. ഡെന്മാര്‍ക്ക് പരീക്ഷണാര്‍ത്ഥം ആരംഭിച്ച ഈ സംവിധാനം യൂറോപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതു ആശുപത്രി സംവിധാനങ്ങളില്‍ വെയ്റ്റിങ് ലിസ്റ്റ് പോലുള്ള പ്രശ്‌നങ്ങളെ ഒരു പരിധിവരെ മറികടക്കാന്‍ കുടുംബ ഡോക്ടര്‍ക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി.

അയര്‍ലന്‍ഡ് പോലുള്ള രാജ്യത്തില്‍ ഇത് തീര്‍ത്തും പ്രയോഗികമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡബ്ലിനില്‍ നടന്ന പ്രൈമറി കെയര്‍ പാട്ണര്‍ഷിപ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പോള്‍ കുടുംബ ഡോക്ടര്‍ മാതൃക അയര്‍ലണ്ടിലെ ആരോഗ്യ മേഖലയില്‍ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രസ്താവിച്ചത്. രാജ്യത്ത് 11000 ബഡ്ഡുകള്‍ മാത്രമാണ് ദീര്‍ഘകാലത്തെ കിടത്തി ചികിത്സക്ക് വേണ്ടി സജ്ജമായിരിക്കുന്നത്.

ബെഡുകള്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കല്‍ സംഘടനകള്‍ വളരെ നാളുകളായി പരാതിപ്പെടുകയാണ്. പരിപാടിയില്‍ പങ്കെടുക്കവെ പ്രൈമറി പാട്ണര്‍ഷിപ്പ് ചെയര്‍മാന്‍ ക്രിസ് ഗൂഡി ആവശ്യപ്പെട്ടത് മറ്റൊരു കാര്യമായിരുന്നു. അയര്‍ലണ്ടില്‍ പ്രൈമറി കെയര്‍ സെന്ററുകള്‍ സാര്‍വത്രികമാക്കി ജി.പി സേവനം ലഭ്യമാക്കിയാല്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ആശുപത്രി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

വരാനിരിക്കുന്ന ബഡ്ജറ്റില്‍ ആരോഗ്യ മേഖലയില്‍ പ്രൈമറി കെയര്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഐറിഷുകാര്‍ക്ക് ഒരു ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗ്ഗ രേഖകള്‍ ആരായണമെന്ന് പരിപാടിയില്‍ പങ്കെടുത്ത ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: