വിമാനത്തില്‍ നായ്ക്കള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ യുവതിയെ പുറത്താക്കി; സംഭവം വിവാദമാകുന്നു

 

നായ്ക്കള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ബഹളം വെച്ച യാത്രക്കാരിയെ പൊലീസ് ബലം പ്രയോഗിച്ച് പുറത്താക്കി. അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ നിന്ന് ലോസ്ആഞ്ചല്‍സിലേക്ക് പോവാനിരുന്ന സൗത്ത്വെസ്റ്റ് എയര്‍ ലൈന്‍സിന്റെ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

വിമാനത്തില്‍ കയറിയ യുവതി രണ്ട് നായ്ക്കള്‍ കൂടി യാത്രക്കാരായുണ്ടെന്ന് അറിഞ്ഞ് ബഹളം വെയ്ക്കുകയായിരുന്നു. തനിക്ക് മൃഗങ്ങള്‍ അലര്‍ജിയാണെന്നും ഇവയ്‌ക്കൊപ്പം യാത്ര ചെയ്താല്‍ ജീവഹാനി വരെ സംഭവിക്കാമെന്നും യാത്രക്കാരി വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കാനാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. ഇത് നിരസിച്ച യാത്രക്കാരി ജീവനക്കാരുമായി തര്‍ക്കിക്കുകയായിരുന്നു.

പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി യാത്രക്കാരിയെ ബലം പ്രയോഗിച്ച് പുറത്താക്കി. പൊലീസും യാത്രക്കാരിയും തമ്മിലുള്ള വാദ്വാദവും ബലപ്രയോഗവും വിമാനത്തിലെ മറ്റൊരു യാത്രയാക്കാരന്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വിവാദമായിക്കഴിഞ്ഞു.

നിങ്ങളെന്താണ് ചെയ്യുന്നതെന്നും തനിക്ക് നടക്കാനറിയാം, തന്റെ ദേഹത്ത് തൊടരുതെന്നും യാത്രക്കാരി പൊലീസുകാരോട് ആക്രോശിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. താന്‍ ഒരു പ്രൊഫസറാണെന്നും യുവതി പറയുന്നു. എന്നാല്‍ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് തന്നെ പുറത്താക്കുകയായിരുന്നു.

പുറത്തിറക്കിയ യുവതിയെ വിമാനത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി, ഓഫീസര്‍മാരോട് മോശമായി ഇടപെട്ടു എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പരാതിയില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവതിയെ വിട്ടയച്ചു.

യാത്രക്കാരിക്ക് ഇത്തരം മോശമായ അനുഭവം നേരിടേണ്ടി വന്നതില്‍ തങ്ങള്‍ക്ക് വിഷമമുണ്ടെന്നും പൊലീസുകാര്‍ ബലം പ്രയോഗിച്ച് പുറത്താക്കേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്നും സൗത്ത്വെസ്റ്റ് എയര്‍ ലൈന്‍സ് അധികൃതര്‍ പറഞ്ഞു.

https://youtu.be/kyUiPcggHnc

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: