കേന്ദ്ര സര്‍വകലാശാലകളുടെ പേരില്‍ നിന്നും മതപരമായ പരാമര്‍ശങ്ങള്‍ എടുത്തുകളയാന്‍ നിര്‍ദ്ദേശം

 

കേന്ദ്ര സര്‍വകലാശാലകളുടെ പേരില്‍ നിന്നും മതപരമായ പരാമര്‍ശങ്ങള്‍ എടുത്തുകളയാന്‍ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നിന്നും മുസ്ലിം എന്നതും, ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നും ഹിന്ദു എന്നതും എടുത്തുമാറ്റാന്‍ സര്‍വകലാശാലകളോട് അവശ്യപ്പെട്ടു.

പേരുകളില്‍ മത പരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് മതേതരത്വ കാഴ്ചപ്പാടുകളെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നിര്‍ദ്ദേശം. കേന്ദ ഗവണ്‍മെന്റിനു കീഴിലുള്ള പത്ത് സര്‍വകലാശാലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. അലിഗഢ് സര്‍വ്വകലാശാലയില്‍ ഓഡിറ്റ് നടത്തിയ സംഘം, ഇനി മുതല്‍ അലിഗഢ് സര്‍വ്വകലാശാല എന്ന പേരില്‍ അറിയപ്പെട്ടാല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കി. അല്ലെങ്കില്‍ ഇതിന്റെ സ്ഥാപകനായ സയ്യിദ് അഹമ്മദ് ഖാന്റെ പേര് യൂണിവേഴ്സിറ്റിക്ക് നല്‍കാം എന്നും പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയ്ക്കും സമാനമായ നിര്‍ദ്ദേശമാണ് നല്‍കിയത്.

ഇരു സര്‍വകലാശാലകളും കേന്ദ സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മതപരമായ കാര്യങ്ങള്‍ അതിലേക്ക് കടന്നു വരുമ്പോള്‍ മതേതരത്വ കാഴ്ച്ചാടുകളെ ഇതു ബാധിക്കും. അതുകൊണ്ടാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയതെന്ന് ഓഡിറ്റ് കമ്മിറ്റിയിലെ അംഗം വ്യക്തമാക്കി. അലിഗഢ് സര്‍വ്വകലാശാലയിലെ മിക്ക അദ്ധ്യാപകരും അവിടെത്തന്നെ പഠിച്ചവരാണ്. എന്നാല്‍ ഇനി മുതല്‍ പഠിച്ചിറങ്ങിയ ഉടന്‍ തന്നെ, അവരെ അദ്ധ്യാപകരായി നിയമിക്കരുതെന്ന് സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശവും കമ്മിറ്റി നല്‍കിയിട്ടുണ്ട്. പഠനം വിജയകരമായി പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ത്ഥികളെ അഞ്ച് വര്‍ഷത്തിനുശേഷം മാത്രമേ ഇവിടെ അദ്ധ്യാപരായി നിയമിക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: