വേങ്ങരയില്‍ വിധി കുറിക്കാന്‍ ജനങ്ങള്‍; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

 

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിയ്ക്ക് പോളിംഗിന് തുടക്കമായി. വൈകിട്ട് അഞ്ചുമണിവരെയാണ് വോട്ടെടുപ്പ്. 165 ബൂത്തുകളിലായി 1,70,009 വോട്ടര്‍മാരാണ് ജനവിധി കുറിക്കുന്നത്. ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിന്റെ ഫലം ഇന്ന് വോട്ടിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തുകയാണ്. വോട്ടെണ്ണലിന്റെ ഫലം ഈ മാസം 15 ന് പ്രഖ്യാപിക്കും.

വൈകീട്ട് ആറിന് ബൂത്തില്‍പ്രവേശിച്ച് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ക്ക് കാണാന്‍ സൗകര്യമൊരുക്കുന്ന വിവിപാറ്റ് സംവിധാനം എല്ലാബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്.

രണ്ട് സ്വതന്ത്രരുള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളാണ് വേങ്ങരയില്‍ മല്‍സരരംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറും, ഇടതു സ്ഥാനാര്‍ത്ഥി അഡ്വ പിപി ബഷീറും തമ്മിലാണ് പ്രധാനമല്‍സരം. ബിജെപിയുടെ ജനചന്ദ്രന്‍മാസ്റ്ററും മല്‍സരരംഗത്തുണ്ട്.

വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കും. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍. വേങ്ങര മണ്ഡലം രൂപീകൃതമായതിന് ശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സാഹചര്യത്തിലാണ് വേങ്ങര ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: