ഫ്രാന്‍സില്‍ വന്‍ തൊഴിലാളി പ്രക്ഷോഭം; പണിമുടക്കില്‍ വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ രാജ്യം സ്തംഭിച്ചു

 

സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ഫ്രാന്‍സില്‍ വന്‍ തൊഴിലാളി പ്രക്ഷോഭം. പത്തുവര്‍ഷത്തിനിടെ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെയടക്കം തൊഴിലാളി യൂണിയനുകള്‍ ഒറ്റക്കെട്ടായി പണിമുടക്കിയതോടെ ഫ്രാന്‍സ് സ്തംഭിച്ചു. ആഭ്യന്തര വിമാന സര്‍വീസുകളടക്കം അടിയന്തിര സേവനങ്ങളെയെല്ലാം പ്രക്ഷോഭം സ്തംഭിപ്പിച്ചു. എയര്‍ ഫ്രാന്‍സിന്റെ 25 ശതമാനം വിമാനസര്‍വീസ് റദ്ദാക്കി. 17 ശതമാനം അധ്യാപകര്‍ സമരത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യൂണിയനുകള്‍ നയിക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികളും രംഗത്തെത്തിയതോടെ സ്‌കൂളുകളുടെയും കോളേജുകളുടെയും പ്രവര്‍ത്തനം നിലച്ചു. സ്‌കൂളുകള്‍, ക്രഷെകള്‍ തുടങ്ങി മറ്റ് അടിയന്തിര സര്‍വീസുകളിലെ തൊഴിലാളികളും വരുംദിവസങ്ങളില്‍ സമരരംഗത്തിറങ്ങും.

പൊതുമേഖലയില്‍ വേതനവിതരണം തടസപ്പെട്ടതിനെതിരെയും തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കുന്നതിനെതിരെയുമാണ് പ്രക്ഷോഭം. പാര്‍ലമെന്റിനെ ധിക്കരിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടപ്പാക്കുന്ന തൊഴില്‍നിയമ ഭേദഗതികള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. രാജ്യത്തെ 20 ശതമാനം തൊഴിലാളികളാണ് ഇപ്പോള്‍ സമരരംഗത്തുള്ളത്. കൂടുതല്‍പേര്‍ വരുംദിനങ്ങളില്‍ സമരത്തിനൊപ്പം ചേരും. ഫ്രഞ്ച് ജനതയുടെ 57 ശതമാനം സമരത്തിനൊപ്പമാണെന്ന് സര്‍വേകള്‍ വിലയിരുത്തുന്നു. ചൊവ്വാഴ്്ച രാജ്യവ്യാപകമായി 130ല്‍പരം പ്രകടനങ്ങള്‍ നടന്നു.

മാക്രോണിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരെ പൊതുമേഖലയിലെ ഒമ്പത് യൂണിയനുകളാണ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്്. അഞ്ചുവര്‍ഷത്തിനുള്ളില്‍ പൊതുമേഖലയിലെ തൊഴിലാളികളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറക്കാനാണ് മാക്രോണ്‍ പദ്ധതിയിടുന്നത്. തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന അവധി, വേതനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുകയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: