എന്‍ആര്‍ഐ അക്കൗണ്ടുകളെപ്പറ്റി അറിയാം

 

ഒരു സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായിട്ടോ ഇടവിട്ടോ 182 ദിവസത്തില്‍ താഴെ മാത്രം ഇന്ത്യയില്‍ താമസിച്ചിരുന്നവരെ തൊട്ടടുത്ത വര്‍ഷം പ്രവാസിയായി കണക്കാക്കും. ജോലിക്കും മറ്റുമായി വിദേശത്തേക്കു പോകുന്നവര്‍ ആ സാമ്പത്തിക വര്‍ഷം മുതല്‍ തന്നെ എന്‍ആര്‍ഐ സ്റ്റാറ്റസില്‍ എത്തും. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ), ആദായനികുതി നിയമം എന്നിവയുമായി ബന്ധപ്പെട്ടാണ് ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത്.

എന്‍ആര്‍ഇ അക്കൗണ്ട്

നോണ്‍ റസിഡന്റ് (എക്സ്റ്റേണല്‍) റുപ്പി അക്കൗണ്ടുകള്‍ അഥവാ എന്‍ആര്‍ഇ അക്കൊണ്ടുകള്‍ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സാധാരണ സേവിങ്സ് അക്കൗണ്ടാണ്. ഇന്ത്യന്‍ രൂപയില്‍ നിലനിര്‍ത്തുന്ന അക്കൗണ്ടില്‍ വിദേശത്തുനിന്നു അംഗീകൃത കറന്‍സികളില്‍ പണം അയക്കുകയോ അവധിക്കാലത്ത് ഇന്ത്യയിലെത്തുമ്പോള്‍ വിദേശ കറന്‍സിയായും ട്രാവലേഴ്സ് ചെക്കായും തുക നിക്ഷേപിക്കുകയോ ആവാം.

ഇന്ത്യയിലുള്ള എന്‍ആര്‍ഐ അക്കൗണ്ടുകളില്‍ നിന്നോ ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് അക്കൗണ്ടുകളില്‍ നിന്നോ പണം എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് മാറ്റാം. സാധാരണ സേവിങ്സ് അക്കൗണ്ടുകളിലെ പോലെ പലിശ ലഭിക്കും. അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്ന തുക എപ്പോള്‍ വേണമെങ്കിലും വിദേശത്തേക്കും അയക്കാം.

എന്‍ആര്‍ഒ അക്കൗണ്ട്

ഇന്ത്യയില്‍ താമസിക്കുന്നവരുമായി ജോയിന്റ് ആക്കൗണ്ട് ആയിട്ടും അല്ലാതെയും പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്‍ആര്‍ഒ എക്കൗണ്ട് തുടങ്ങാം. ജോലിക്ക് വിദേശത്തേക്കു പോകുന്നതിന് മുന്‍പ് നിലവിലുള്ള ബാങ്ക് അക്കൗണ്ട് എന്‍ആര്‍ഒ അക്കൗണ്ടായി മാറ്റാവുന്നതാണ്. സേവിങ്സ് ആക്കൗണ്ടായും സ്ഥിരനിക്ഷേപമായും തുടങ്ങാവുന്ന എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ഇന്ത്യന്‍ രൂപയിലാണ് വിനിമയം.

പലിശയ്ക്ക് ആദായനികുതി നല്‍കണം. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഒരു സാമ്പത്തിക വര്‍ഷത്തില്‍ ദശലക്ഷം യുഎസ് ഡോളറിനു തുല്യമായ തുക വരെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിദേശത്തേക്ക് പിന്‍വലിക്കാം.

എഫ്സിഎന്‍ആര്‍ അക്കൗണ്ട്

യുഎസ് ഡോളര്‍, പൗണ്ട്, യൂറോ, യെന്‍, ഓസ്ട്രേലിയന്‍ ഡോളര്‍, കനേഡിയന്‍ ഡോളര്‍ എന്നിങ്ങനെ ആറ് വിദേശ കറന്‍സികളില്‍ തുടങ്ങാവുന്ന സ്ഥിര നിക്ഷേപമാണ് ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് അക്കൗണ്ടുകള്‍.

ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കലാവധിക്ക് ഈ അക്കൗണ്ട് തുടങ്ങാം. നിക്ഷേപത്തുകയ്ക്കും പലിശത്തുകയ്ക്കും ആദായനികുതി നല്‍കേണ്ടതില്ല. ഇന്ത്യന്‍ രൂപയില്‍ അക്കൗണ്ട് തുടങ്ങാനാകില്ല. എഫ്സിഎന്‍ആര്‍ അക്കൗണ്ടുകളിലേക്ക് വിദേശത്തുനിന്ന് പണം അയക്കാം. തുക പൂര്‍ണമായും വിദേശത്തേക്ക് പിന്‍വലിക്കാം.

എഫ്സിആര്‍ അക്കൗണ്ട്

വിദേശത്തേക്ക് മടങ്ങിപോകണമെന്ന ഉദ്ദേശ്യത്തോടെയോ അല്ലാതെയോ ഇന്ത്യയില്‍ വന്നു താമസിക്കുന്നവര്‍ക്കു തങ്ങളുടെ സമ്പാദ്യം വിദേശ നാണയമായിത്തന്നെ സൂക്ഷിക്കാന്‍ സഹായിക്കുന്നതാണ് ഫോറിന്‍ കറന്‍സി റസിഡന്റ് അക്കൗണ്ടുകള്‍. ഇത്തരം അക്കൗണ്ടിലുള്ള സമ്പാദ്യങ്ങള്‍ക്ക് ആദായനികുതി നല്‍കേണ്ടതില്ല. ഫോറിന്‍ കറന്‍സി അക്കൗണ്ടിലുള്ള തുക ഇന്ത്യയിലും വിദേശത്തും നിക്ഷേപിക്കുന്നതിനും ചെലവാക്കുന്നതിനും നിയന്ത്രണങ്ങള്‍ ഇല്ല.

അടുത്ത ബന്ധുകളുടെ പേര് എന്‍ആര്‍ഇ അക്കൗണ്ടില്‍ ചേര്‍ക്കാന്‍ സാധിക്കില്ലെങ്കിലും, ഗള്‍ഫിലും മറ്റും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക്, നാട്ടില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും തങ്ങളുടെ അക്കൗണ്ടില്‍ ഇടപാടു നടത്തിന്നതിനായി അധികാരപ്പെടുത്താവുന്നതാണ്. മാന്‍ഡേറ്റ് ലറ്റര്‍ അഥവാ ലെറ്റര്‍ ഓഫ് അതോറിറ്റി എന്നറിയപ്പെടുന്ന ഫോം പൂരിപ്പിച്ച് ഒപ്പിട്ടു ബാങ്കില്‍ നല്‍കിയാല്‍ ഇതു സാധ്യമാകും.

 

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: