ഈ വര്‍ഷത്തെ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് ആഘോഷം നവംബര്‍ 24 ന്; മികച്ച ഓഫറുകള്‍ നല്‍കി കമ്പനികള്‍ തമ്മില്‍ മത്സരം

 

അയര്‍ലണ്ടില്‍ സ്മാര്‍ട്ട് ഡിവൈസുകള്‍ മുതല്‍ ഷൂസുകള്‍ വരെ, വമ്പന്‍ വിലക്കുറവില്‍ ലഭ്യമാകുന്ന ബ്ലാക്ക് ഫ്രൈഡേ എന്ന ദിനം ഇപ്രാവിശ്യം നവംബര്‍ 24ന്. ദീപാവലിക്ക് ഇന്ത്യയില്‍ ഓഫര്‍ നല്‍കുന്നതിനു സമാനമാണ് യുഎസില്‍ ഈ ദിനം. പരമ്പരാഗതമായി ക്രിസ്തുമസ് ഷോപ്പിങ് സീസനു തുടക്കം കുറിയ്ക്കുന്ന ദിവസമായിട്ടാണു ബ്ലാക്ക് ഫ്രൈഡേ എന്ന ദിനത്തെ കണക്കാക്കുന്നത്. നിരവധി ചില്ലറ വ്യാപാരികള്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ റെക്കോര്‍ഡ് ഈ ദിനത്തില്‍ കുറിച്ചിട്ടുണ്ട്.

വന്‍ ഓഫറുകളുടെ നേട്ടത്തോടെ ഷോപ്പിംഗ് നടത്താന്‍ കാത്തിരിക്കുന്നവര്‍ക്കു മുന്നില്‍ മെഗാ ബമ്പറുകളുടെ രഹസ്യം പൊട്ടിക്കാന്‍ റീട്ടെയിലര്‍മാര്‍ ഒരുങ്ങിയിരിക്കുകയാണ്. ബ്ലാക്ക് ഫ്രൈഡേ അടിപൊളിയാക്കാന്‍ ഭൂരിഭാഗം റീട്ടെയിലര്‍മാരും വന്‍ ഓഫറുകള്‍ പ്രഖ്യാപിക്കും. യുഎസിലെ താങ്ക്സ് ഗിവിംഗ് സെലിബ്രേഷന്റെ പിറ്റേന്നുള്ള വന്‍ വില്പനയുടെ മാതൃകയിലാണ് ഐറിഷില്‍ ബ്ലാക്ക് ഫ്രൈഡേ ആഘോഷിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയര്‍ലണ്ടിലെ ഗാര്‍ഹിക ഷോപ്പിംഗ് പരിപാടിയായി ബ്ലാക് ഫ്രൈഡേ മാറിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തും.

മുമ്പത്തെ വര്‍ഷങ്ങളില്‍, ഗെയിം കണ്‍സോളുകള്‍, ടെക് ഗാഡ്‌ജെറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയിലായിരുന്നു ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍, ഫാഷന്‍, സൗന്ദര്യം, യാത്ര തുടങ്ങിയ മേഖലകളിലും സമാനമായ ഒരു ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് വിവിധ കമ്പനികള്‍. കഴിഞ്ഞ വര്‍ഷം 100 മില്യന്‍ യൂറോയുടെ കച്ചവടമാണ് ഐറിഷ് വിപണിയില്‍ ബ്ലാക്ക് ഫ്രൈഡേ ദിനത്തോടനുബന്ധിച്ചു നടന്നത്. കറിസ് പിസി വേള്‍ഡ് 2015 ലെ ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ 40 ശതമാനം അധികം ഓര്‍ഡറുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,

2014-ല്‍, അയര്‍ലന്റിലെ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ്ങില്‍ റെക്കോര്‍ഡ് വില്‍പനയാണ് നടന്നത്. അന്ന് സ്ട്രീറ്റുകള്‍ സ്തംഭിച്ചു. തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളില്‍ സ്ട്രീറ്റ് ഷോപ്പിംഗ് ഓണ്‍ലൈന്‍ ഡീലുകള്‍ക്ക് വഴിമാറി, ഈ ദിവസങ്ങളില്‍ അയര്‍ലന്റിലെ ഓണ്‍ലൈന്‍ വ്യാപാരം പൊടിപൊടിച്ചു. ഈ വര്‍ഷം ബ്ലാക്ക് ഫ്രൈഡേ കെങ്കേമമാക്കാന്‍ ആര്‍ഗോസ്, ഡെബനംസ്, ഹാര്‍വി നോര്‍മാന്‍, എയര്‍ ലിംഗസ്, ബൂട്‌സ്, പീറ്റര്‍ മാര്‍ക്ക്, സ്മിത്ത് ടോയ്സ് തുടങ്ങിയ ഇ-കൊമേഴ്സ് സൈറ്റുകള്‍ വന്‍ തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണു സൂചന.

സാധാരണ ദിവസങ്ങളില്‍ ഒന്‍പതു മണിക്കും പത്തു മണിക്കുമൊക്കെ തുറക്കുന്ന കടകള്‍ കറുത്ത വെള്ളിയാഴ്ച വെളുപ്പിനെ ആറു മണിക്ക് തുറക്കാന്‍ തുടങ്ങി. പിനീട് ഇതു വെളുപ്പിനു നാലും അഞ്ചും മണിക്കൊക്കെ തുറക്കാന്‍ തുടങ്ങി. ആദ്യമെല്ലാം യുഎസില്‍ മാത്രമായിരുന്നു ഈ ദിനം ആചരിച്ചിരുന്നതെങ്കിലും പിന്നീട് യുകെയിലും, അയര്‍ലണ്ട് ഉള്‍പ്പെടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ആചരിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ ബ്ലാക്ക് ഫ്രൈഡേ ആചരിച്ച ആഴ്ചയില്‍ ഒരു വ്യക്തി ശരാശരി 130 യൂറോ ചെലവഴിച്ചെന്നാണു പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം പ്രധാന ഫാഷന്‍ ബ്രാന്‍ഡുകളും ലക്ഷ്വറി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളും ടൂര്‍ ഓപ്പറേറ്റര്‍മാരും വന്‍ ഡിസ്‌കൗണ്ടുകളാണ് ഓഫര്‍ ചെയ്തിരുന്നത്. ഈ വര്‍ഷം ഇതില്‍ കൂടുതല്‍ ഓഫറുകളാണ് പ്രവചിക്കപെടുന്നത്. ടെക് വിപണിയാണ് ബ്ലാക്ക് ഫ്രൈഡേയുടെ ഏറ്റവും ഉന്നതശ്രേണിയിലുള്ള വില്പന രംഗം, 2017 ലും ഇത് വ്യത്യസ്തമല്ല. ഹാര്‍വി നോര്‍മല്‍, ആര്‍ഗോസ് തുടങ്ങിയ സൈറ്റുകള്‍ ആപ്പിള്‍ മാക്ബുക്കുകളില്‍ നിന്ന് വിലക്കുറവുള്ള മള്‍ട്ടിപ്പിള്‍ ടാബ്ലറ്റുകളും ലാപ്‌ടോപ്പുകളും വരെ ബ്ലാക് ഫ്രൈഡേ ഡിസ്‌കൗണ്ടുകളില്‍ സ്വന്തമാക്കാം.

അതേസമയം ലക്ഷകണക്കിന് യൂറോയുടെ വില്പന നടക്കുന്ന ഈ ദിനങ്ങളില്‍ തട്ടിപ്പുകളെയും കരുതിയിരിക്കുക. സുരക്ഷിതമായ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ മാത്രം ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയുക. ഉപഭോക്താവിന്റെ അവകാശങ്ങള്‍ മനസിലാക്കി ഈ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് ഉത്സവം ആഘോഷമാക്കാം.

 

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: