കെന്നഡി വധം: ആയിരക്കണക്കിന് രേഖകള്‍ യു.എസ് പുറത്തുവിട്ടു

 

യു.എസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് നാഷനല്‍ ആര്‍ക്കൈവ്‌സില് സൂക്ഷിച്ചിരുന്ന 2891 രഹസ്യരേഖകള്‍ പുറത്തുവിട്ടു. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം, രഹസ്യരേഖകളുടെ ഒരു ഭാഗം മാത്രമാണ് യു.എസ് സര്‍ക്കാര്‍ ഓണ്‍ലൈനായി പുറത്തുവിട്ടത്.

രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ സി.ഐ.എയുടെയും എഫ്.ബി.ഐയുടെയും അഭ്യര്‍ഥന മാനിച്ച് ചില സുപ്രധാനരേഖകള്‍ പുറത്തുവിടാതെ മാറ്റിവെക്കുകയായിരുന്നു. കെന്നഡിയുടെ ഘാതകനെന്നുകരുതുന്ന ലീ ഹാര്‍വി ഒസ്വാള്‍ഡിനെതിരെ വധഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ ഡാളസ് പൊലീസിന് എഫ്.ബി.െഎ മുന്നറിയിപ്പുനല്‍കിയതായി രേഖകളിലുണ്ട്. ഒസ്വാള്‍ഡിന് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും അന്നത്തെ എഫ്.ബി.െഎ മേധാവിയായിരുന്ന ജെ എഡ്ഗര്‍ ഹൂവര്‍ ജാഗ്രതനല്‍കുകയുണ്ടായി.

കെന്നഡിയുടെ മരണം നടന്ന് രണ്ടുദിവസത്തിനുശേഷം ഡാളസ്‌പൊലീസ് സ്റ്റേഷനില്‍ ഒസ്വാള്‍ഡിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയാണ് വെടിവെച്ചതെന്നും കണ്ടെത്തി. ജാക്ക്‌റൂബി പിന്നീട് ജയിലില്‍ െവച്ച് അര്‍ബുദബാധിതനായി മരിച്ചു. മുന്‍നാവികനും സോവിയറ്റ് അനുഭാവിയുമായിരുന്നു ഒസ്വാള്‍ഡ്. മെക്‌സികോസിറ്റിയിലെ റഷ്യന്‍ എംബസിയില്‍ വെച്ച് ഇയാള്‍ റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബി ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയതായും രേഖകളില്‍ സൂചനയുണ്ട്.

കെന്നഡി വധത്തിനുശേഷം യു.എസ്, യു.എസ്.എസ്.ആറിനുേനരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് സോവിയറ്റ് ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നുവത്രെ. കെന്നഡി വധിക്കപ്പെടുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ബ്രിട്ടനിലെ പ്രാദേശികപത്രമായ കാംബ്രിജ് ന്യൂസിന് യു.എസില്‍ നിന്ന് വലിയൊരു വാര്‍ത്ത വരാനിരിക്കുന്നുവെന്ന് അജ്ഞാതടെലിഫോണ്‍ സന്ദേശം ലഭിച്ചിരുന്നതായും വെളിപ്പെടുത്തുന്നുണ്ട്.

1963 നവംബര്‍ 22നാണ് കെന്നഡി ഡാളസില്‍ വെച്ച് വെടിയേറ്റു മരിച്ചത്. ജോണ്‍ എഫ്. കെന്നഡിവധവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണരേഖകളും ഘട്ടംഘട്ടമായി പുറത്തുവിടണമെന്ന് 1992ല്‍ യു.എസ് കോണ്‍ഗ്രസ് ഉത്തരവിട്ടിരുന്നു. സമയപരിധിയുടെ ഒരുഘട്ടം കഴിഞ്ഞദിവസം അവസാനിച്ചു. 2018 ഏപ്രില്‍ 26 ആണ് അടുത്ത തീയതി. ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്‌ട്രോ ഉള്‍പ്പെടെയുള്ള ലോകനേതാക്കളെ വധിക്കാന്‍ സി.െഎ.എ പദ്ധതിയിട്ടതിന്റെ വിശദവിവരങ്ങളും രേഖകളിലുണ്ട്. കെന്നഡി വധത്തില്‍ പങ്കില്ലെന്ന് 1978ല്‍ യു.എസിനോട് ഫിദല്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കെന്നഡിവധത്തിലെ നിഗൂഢതകളെപ്പറ്റി അന്വേഷിക്കുന്ന വിദഗ്ധസംഘങ്ങള്‍ക്ക് പുതിയരേഖകള്‍ സഹായകരമാകില്ലെന്നാണ് കരുതുന്നത്. കെന്നഡിയുടെ മരണത്തിനുപിന്നില്‍ മാഫിയസംഘങ്ങളാണെന്നും ക്യൂബയാണെന്നും അതല്ല, മറ്റുരാജ്യങ്ങളിലെ രഹസ്യ ഏജന്റുമാരാണെന്നുമൊക്കെയുള്ള കഥകളാണ് പുറത്തുവന്നത്. സി.ഐ.എ തന്നെയാണു കെന്നഡിയെ കൊലപ്പെടുത്തിയതെന്ന വാദവുമുണ്ടായി. ഇത്തരം ആരോപണങ്ങളിലേക്ക് വെളിച്ചംവീശുന്ന വിവരങ്ങളൊന്നും പുതിയ രേഖകളില്‍ ഉണ്ടാകില്ലെന്നാണ് കരുതുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: