മനുഷ്യന്‍ ചൊവ്വയില്‍ കോളനി നിര്‍മിക്കുമോ ? പിതിയ പരീക്ഷണങ്ങളുമായി ബഹിരാകാശ ഏജന്‍സികള്‍

 

മനുഷ്യനെ ചൊവ്വയില്‍ എത്തിക്കുകയെന്നതായിരിക്കുന്നു ബഹിരാകാശ പര്യവേക്ഷണത്തിലെ പുതിയ വെല്ലുവിളി. ഇതിനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും, യുഎസ് എയറോ സ്പേസ് മാനുഫാക്ചററും ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് കമ്പനിയുമായ സ്പേസ് എക്സും, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയുമൊക്കെ. പരീക്ഷണാടിസ്ഥാനത്തില്‍ ചരക്കുകള്‍ മാത്രം വച്ചുള്ള ബിഎഫ്ആര്‍ (ബിഗ് ഫാല്‍ക്കന്‍ റോക്കറ്റ്) 2022-നകം ചൊവ്വയിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുമെന്നു കരുതുന്നതായി സ്പേസ് എക്സ് സിഇഒ എലോണ്‍ മസ്‌ക് പറയുകയുണ്ടായി. ബിഎഫ്ആര്‍ ഇപ്പോഴും ഡിസൈന്‍ ഘട്ടത്തിലാണ്.

2013 നവംബര്‍ അഞ്ചിനാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്നും വിക്ഷേപിച്ചത്. പിഎസ്എല്‍വി-എക്സ്എല്‍ ഉപയോഗിച്ചാണു മംഗള്‍യാന്‍ വിക്ഷേപിച്ചത്. 300 ദിനങ്ങള്‍ നീണ്ടുനിന്ന യാത്രയ്ക്കു ശേഷം 2014 സെപ്റ്റംബര്‍ 24-നു മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഇതോടെ ചൊവ്വാ ദൗത്യത്തിലേര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യവുമായി ഇന്ത്യ മാറി. ആദ്യ പരിശ്രമത്തില്‍ തന്നെ ചൊവ്വാ ദൗത്യം വിജയിപ്പിച്ച രാജ്യം കൂടിയാണ് ഇന്ത്യ. ചൊവ്വയിലെ ജല സാന്നിധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിധ്യം എന്നിവയെ കുറിച്ചു പഠിക്കുന്നതിനാണു മംഗള്‍യാന്‍ വിക്ഷേപിച്ചത്. 74 മില്യന്‍ ഡോളര്‍ ചെലവഴിച്ചാണു മംഗള്‍യാന്‍ വിക്ഷേപിച്ചത്. ഇതു മേവന്‍ എന്ന നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ പത്തിലൊന്നു ചെലവ് മാത്രമാണെന്നതും പ്രത്യേകം ശ്രദ്ധാര്‍ഹമായ കാര്യമായി. മംഗള്‍യാന്‍ രൂപകല്‍പന ചെയ്തതു കേവലം ആറ് മാസത്തെ കാലദൈര്‍ഘ്യത്തോടെയാണ്. എന്നാല്‍ ഏവരേയും ഞെട്ടിച്ചു കൊണ്ട് ഈ സ്പേസ്‌ക്രാഫ്റ്റ് ബഹിരാകാശത്ത് 2017 നവംബര്‍ അഞ്ചിനു നാല് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ഈ വര്‍ഷം സെപ്റ്റംബറില്‍ സ്പേസ് എക്സ് തലവന്‍ എലോണ്‍ മസക് ഓസ്ട്രേലിയയില്‍ വച്ചു നടത്തിയ മാധ്യമ സമ്മേളനത്തിനിടെ 2022-ല്‍ ബഹിരാകാശസഞ്ചാരികളെ ചൊവ്വയില്‍ എത്തിക്കാന്‍ പ്രാപ്തിയുള്ള മെഗാ റോക്കറ്റുകളെ വികസിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ചൊവ്വയിലേക്കു 2030-ഓടെ ഓറിയോണ്‍ എന്ന ശൂന്യാകാശ വാഹനത്തിലൂടെ മനുഷ്യനെ എത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്.

സ്പേസ് എക്സിന്റെ ചൊവ്വാ ദൗത്യത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ 40 ക്യാബിനുകള്‍ ഉണ്ടാകുമെന്നാണു മസ്‌ക് അറിയിച്ചിരിക്കുന്നത്. ഒരു ക്യാബിനില്‍ രണ്ട് മുതല്‍ മൂന്ന് പേര്‍ക്ക് വരെ സഞ്ചരിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ആകെ 100 പേരെ ഉള്‍ക്കൊള്ളുന്ന വിധത്തിലായിരിക്കും ദൗത്യ വാഹനം രൂപകല്‍പന ചെയ്യുന്നത്. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയുകയും അവ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യുന്ന റോക്കറ്റുകള്‍ നിര്‍മിച്ച സ്ഥാപനമാണു സ്പേസ് എക്സ്. ഏറ്റവും കുറവ് ഭാരമുള്ള,ശക്തിയേറിയ റോക്കറ്റ് എഞ്ചിനുകള്‍ നിര്‍മിക്കുന്നതിനുള്ള ഖ്യാതിയും സ്പേസ് എക്സിനു സ്വന്തം. റോക്കറ്റ് സയന്‍സ് വികസിപ്പിച്ച് മുന്നേറാനുള്ള സ്പേസ് എക്സിന്റെ തീരുമാനം ചൊവ്വാ ദൗത്യത്തിനു വേണ്ടിയാണെന്നതും പരസ്യമായ രഹസ്യമാണ്. 2040 ആകുമ്പോഴേക്കും ചൊവ്വയില്‍ ഒരു ലക്ഷത്തോളം മനുഷ്യന്മാര്‍ വസിക്കുന്നയിടമാക്കി ചൊവ്വയെ മാറ്റുകയെന്നതാണു തന്റെ ലക്ഷ്യമെന്നു മസ്‌ക് പറയുന്നു.

എന്നാല്‍ മസ്‌ക്കിന്റെ അവകാശവാദത്തെ തള്ളി ശാസ്ത്രസമൂഹം രംഗത്തുവന്നിട്ടുമുണ്ട്. ചൊവ്വാ ദൗത്യത്തെ കുറിച്ചുള്ള മസ്‌ക്കിന്റെ അവകാശവാദം വിചിത്രമെന്നാണു മാര്‍സ് സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായ റോബര്‍ട്ട് സുബ്രിന്‍ അഭിപ്രായപ്പെട്ടത്. കാരണം ഓക്സിജന്‍, ഭക്ഷണം, ഇന്ധനം, റേഡിയേഷനില്‍നിന്നും സംരക്ഷണം ഒരുക്കുന്ന അഭയസ്ഥാനം തുടങ്ങിയവയൊന്നും ചൊവ്വയിലില്ല. മനുഷ്യന് അതിജീവിക്കാന്‍ ആവശ്യമുള്ള കാര്യങ്ങളാണിവ.

ഇതൊന്നും ഇല്ലാതെ എങ്ങനെയാണു ചൊവ്വയില്‍ മനുഷ്യന്‍ കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു. അതേസമയം അമേരിക്കന്‍ ഗവേഷക സ്ഥാപനമായ നാസ ചൊവ്വയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ സംവിധാനങ്ങളെ വികസിപ്പിച്ചെടുക്കുന്ന ശ്രമത്തിലാണ്. മൂത്രം, കൈ കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയ എല്ലാ ഉറവിടങ്ങളില്‍ നിന്നും വെള്ളം റീ സൈക്കിള്‍ ചെയ്തെടുത്തു വീണ്ടും ഉപയോഗപ്പെടുത്താനുള്ള സംവിധാനം വികസിപ്പിച്ചെടുക്കുന്ന പ്രവര്‍ത്തനമാണു നാസ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേ ഓക്സിജന്‍ ജനറേഷന്‍ സിസ്റ്റത്തിലൂടെ ശ്വസിക്കുന്ന വായു നിര്‍മിക്കുന്ന സംവിധാനവും പരീക്ഷിക്കുകയാണ്. ജല തന്മാത്രകളെ പിളര്‍ത്തി ഓക്സിജനുണ്ടാക്കുന്ന രീതിയാണ് ഓക്സിജന്‍ ജനറേഷന്‍ സിസ്റ്റം. നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഈ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതിനു പുറമേ ചൊവ്വയില്‍ ഭക്ഷണം ഉല്‍പാദിപ്പിക്കാനുള്ള ശ്രമവും നാസ നടത്തുന്നുണ്ട്.

ചൊവ്വയുടെ അന്തരീക്ഷത്തില്‍ മനുഷ്യനു ശ്വസിക്കാന്‍ ആവശ്യമായ ഓക്സിജന്റെ അഭാവമുണ്ടെന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇതിനെ മറികടക്കാന്‍ സ്പേസ് എക്സ് മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചിട്ടുമുണ്ട്. ചൊവ്വയിലെ എല്ലാ ഗതാഗതങ്ങളും വൈദ്യുതിയുടെ സഹായത്തോടെ നടത്തമെന്നാണു സ്പേസ് എക്സ് നിര്‍ദേശിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണു ഹൈപ്പര്‍ ലൂപ്പിന്റെയും ഇലക്ട്രിക് വിമാനങ്ങളുടെയും കാറുകളുടെയും നിര്‍മാണത്തിനു മസ്‌ക്കിന്റെ കമ്പനി മുന്‍ഗണന കൊടുക്കുന്നത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: