നാഷണല്‍ യൂത്ത് മീഡിയ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം: വിജയികളെ കാത്തിരിക്കുന്നത് 1000 യൂറോ

ഡബ്ലിന്‍: നാഷണല്‍ യൂത്ത് മീഡിയ അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് അവസരം. drugs.ie നടത്തുന്ന നാലാം വര്‍ഷത്തെ അവാര്‍ഡ് മത്സരമാണ് ഇത്. 12 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള ജൂനിയര്‍ വിഭാഗം, 18 മുതല്‍ 25 വയസ്സ് വരെയുള്ള സീനിയര്‍ വിഭാഗം എന്നിങ്ങനെ തരം തിരിച്ചാണ് വിജയികളെ കണ്ടെത്തുന്നത്.

മയക്കുമരുന്ന് യുവാക്കളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് മത്സരവിഷയം. ജേതാക്കള്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലായി 250 യൂറോ മുതല്‍ 1000 യൂറോ വരെയാണ് അവാര്‍ഡ് തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. മയക്ക് മരുന്ന് ഉപയോഗം യുവജനതയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വീഡിയോ, പോസ്റ്ററുകള്‍, ആര്‍ട്ടിക്കിളുകള്‍, പോഡ്കാസ്റ്റുകള്‍ രൂപത്തില്‍ drugs.ie എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം.

തിരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ക്ക് ആയിരിക്കും അവാര്‍ഡ് ലഭിക്കുക. അവാര്‍ഡിന് അര്‍ഹമാവുന്ന ഷോര്‍ട്ട് ഫിലിമുകളോ വീഡിയോകളോ സെക്കന്‍ഡ് തേഡ് ലെവല്‍ സ്റ്റുഡന്റ് ഹബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. താല്പര്യമുള്ളവര്‍ക്ക് 2018 ജനുവരി 22 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.

യൂറോപ്പില്‍ മദ്യം, മയക്കുമരുന്ന് ഉപയോഗങ്ങള്‍ ഏറ്റവും കൂടുതല്‍ അയര്‍ലണ്ടില്‍ ആണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് ഐറിഷ് യുവാക്കളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്‌കൂള്‍തലം മുതല്‍ കുട്ടികള്‍ ചെറിയ രീതിയിലുള്ള മദ്യ മയക്കുമരുന്ന് ഉപയോഗം ആരംഭിക്കുന്നുണ്ടെന്ന് drugs.ie നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുവാക്കളിലെ ശാരീരിക മാനസിക വളര്‍ച്ചയെ സാരമായി ബാധിക്കുന്ന മയക്കുമരുന്ന് ഉപയോഗം കുറച്ച്‌കൊണ്ട് വരിക എന്ന ലക്ഷ്യവും ഈ അവാര്‍ഡ് മത്സരം ലക്ഷ്യം വെക്കുന്നുണ്ട്.

പബ്ബ്കളിലും മറ്റ് ആഘോഷവേളകളിലും മദ്യ മയക്കുമരുന്ന് ഉപയോഗങ്ങള്‍ പരമാവധി കുറച്ചുകൊണ്ട് വരാനുള്ള ദൗത്യത്തിന് ചുക്കാന്‍ പിടിക്കുകയാണ് drugs.ie. രാജ്യത്തെ പരമാവധി യുവാക്കളെ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ drugs.ie ആവശ്യപ്പെട്ടിരിക്കുകയാണ്. അവാര്‍ഡ് ലഭിക്കുന്നതിന് ഉപരി മദ്യ മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടുതല്‍ അറിവ് പകരാനും ഈ മത്സരം ലക്ഷ്യം വെയ്ക്കുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: