ആസിയാന്‍ വേദിയില്‍ ലോകനേതാക്കള്‍ക്ക് ഒരേ വേഷം; വേദിയില്‍ തിളങ്ങി മോദിയും ട്രംപും കനേഡിയന്‍ പ്രധാനമന്ത്രിയും

 

ആസിയാന്‍ സമ്മേളനത്തിലും പൂര്‍വേഷ്യ സമ്മേളനത്തിലും പങ്കെടുക്കാന്‍ ഫിലിപ്പീന്‍സിലെത്തിയ ലോകനേതാക്കള്‍ അണിഞ്ഞത് ഒരേപോലത്തെ വസ്ത്രങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടക്കമുളള നേതാക്കള്‍ കുര്‍ത്ത കണക്കെയുളള വസ്ത്രമാണ് ധരിച്ചത്.

ബരോംഗ് തഗാലോഗ് എന്നാണ് ഈ വസ്ത്രത്തിന്റെ പേര്. ഫിലിപ്പീന്‍സിന്റെ ദേശീയ വേഷമായാണ് ഇതിനെ കണക്കാക്കുന്നത്. ഇന്ന് മുതലാണ് ആസിയാന്‍ സമ്മേളനം. ഇരു സമ്മേളനങ്ങളിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസം ഫിലിപ്പീന്‍സിലുണ്ടാകും.

1981ന് ശേഷം ഫിലിപ്പീന്‍സിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. മനിലയിലെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ആസിയാന്‍ കൂട്ടായ്മയില്‍ പ്രസംഗിക്കും. പന്ത്രണ്ടാമത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലും മോദി പങ്കെടുക്കും. വ്യാപാര, നിക്ഷേപ സഹകരണം, ശാസ്ത്ര, സാങ്കേതിക വിദ്യാ കൈമാറ്റം, മാനവ വിഭവശേഷി മേഖലയിലെ സഹകരണം എന്നിവയും ചര്‍ച്ചാവിഷയമാണ്.

സമ്മേളനത്തിനിടെ ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കു മനില വേദിയാകുമെന്നും സൂചനകളുണ്ട്. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ഇടപെടലുമുള്‍പ്പെടെ തെക്കുകിഴക്കേഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചാകും പ്രധാന ചര്‍ച്ചകള്‍.

ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്ടുമായും മോദി ചര്‍ച്ച നടത്തും. നിലവില്‍ ആസിയാന്‍ യോഗത്തിന്റെ അധ്യക്ഷനാണ് ഡ്യൂടേര്‍ട്ട്. ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ട്രംപിനെ കൂടാതെ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വെദെവ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ തുടങ്ങിയവരും പൂര്‍വേഷ്യ സമ്മേളനത്തിനുണ്ട്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: