ഫോണ്‍വിളി വിവാദം: എകെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍, ചാനലിന്റേത് ക്രിമിനല്‍ ഗൂഢാലോചന

 

മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ എകെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട്. മന്ത്രിയെ കുടുക്കാന്‍ മംഗളം ചാനല്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയായിരുന്നു ഫോണ്‍വിളി വിവാദമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗളം ചാനലിനെ പൂര്‍ണമായും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്.

ഉദ്ഘാടനദിവസം തന്നെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നല്‍കി റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ചാനല്‍ നടത്തിയ കുറ്റകരമായ ഗൂഢാലോചനയുടെ ഫലമാണ് ഫോണ്‍വിളി വിവാദമെന്ന് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വെളിപ്പെടുത്തിയത്.

റിപ്പോര്‍ട്ടില്‍ എകെ ശശീന്ദ്രനെതിരെ കണ്ടെത്തലുകള്‍ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് അനുസരിച്ച് മന്ത്രി കുറ്റക്കാരനാകില്ലെന്നും സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ചാനലിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എകെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതില്‍ തടസം ഇല്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ ഒറ്റയ്ക്കല്ല തീരുമാനം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശീന്ദ്രനെതിരെ ഒന്നും റിപ്പോര്‍ട്ടിലില്ലെന്നും അത്തരം വാര്‍ത്തകള്‍ താന്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചാനലിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും ചാനല്‍ മേധാവിയെയും ഫോണ്‍സംഭാഷണം സംപ്രക്ഷണം ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. 16 ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് കമ്മീഷന്‍മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ചാനല്‍ സംപ്രേക്ഷണം ചെയ്തത് മന്ത്രിയുടെ ശബ്ദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നുമുതല്‍ അഞ്ച് വരെയും ഏഴ് മുതല്‍ 16 വരെയുമുള്ള ശുപാര്‍ശകളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആറാമത്തെ ശുപാര്‍ശ കേസിന്റെ അന്വേഷണ സംഘത്തെ കുറിച്ചാണ്. ഇതിനെ കുറിച്ച് പരിശോധിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: